a

 തുക സംഭാവന ചെയ്തത് ഭിക്ഷാടകൻ

മാവേലിക്കര: മാവേലിക്കരയിൽ കുട്ടപ്പനെ അറിയാത്തവരില്ല. യാചകനാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ വെയ്റ്റിംഗ് ഷെഡിലുണ്ടാവും സദാസമയം. ഭിക്ഷയാചിച്ചു കിട്ടുന്ന ചില്ലറത്തുട്ടുകളും നോട്ടുകളും നിധിപോലെ സൂക്ഷിച്ചുവയ്ക്കും. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇന്നലെ ഉച്ചഭക്ഷണവുമായെത്തിയ മാവേലിക്കര ജോ. ആർ.ടി.ഒ എം.ജി. മനോജിന്റെ കയ്യിലേക്ക് കുട്ടപ്പൻ ഒരു പൊതി വച്ചുനീട്ടി. കുറേ നാണയത്തുട്ടുകളും നോട്ടുകളും. എന്തിനെന്ന ചോദ്യത്തിന്റെ മറുപടി കേട്ടവർ ഞെട്ടിപ്പോയി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന! മനോജും സംഘവും ഓഫീസിലെത്തി എണ്ണിനോക്കി; 381 രൂപയുണ്ട്!

കുട്ടപ്പനായിരുന്നു ഇന്നലെ ഓണാട്ടുകരയിലെ താരം. എപ്പോഴും ചെറിയൊരു റേഡിയോ ചെവിയോടു ചേർത്തു പിടിച്ച് ലോകവിവരം ശ്രവിക്കാറുള്ള കുട്ടപ്പന് കൊവിഡ് പ്രശ്നങ്ങളെല്ലാം നല്ല ബോദ്ധ്യമുണ്ട്. വാർത്തകൾ കേൾക്കാനാണ് ഇഷ്ടമേറെ. ലോക്ക്ഡൗൺ തുടങ്ങിയ ദിവസം മുതൽ തെരുവിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണവും കുടിവള്ളവും എത്തിച്ച് നൽകിയിരുന്ന എം.ജി. മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യാഗസ്ഥരും സന്നദ്ധപ്രവർത്തകരും ഇന്നലെയും പതിവുപോലെ എത്തിയപ്പോഴാണ് ഭക്ഷണപ്പൊതികൾ വാങ്ങുന്നതിന് മുമ്പ് ചെറു ചിരിയോടെ കുട്ടപ്പൻ പൊതി കൈമാറിയത്. മനോജിനൊപ്പം എ.എം.വി.ഐ ശ്യാം കുമാർ, ഡ്രൈവർ അനൂപ്, സന്നദ്ധ പ്രവർത്തകരായ ഡി. അഭിലാഷ്, ഹേമന്ത്, നിനു, ജയന്ത്, റജി ഓലകെട്ടി എന്നിവരുമുണ്ടായിരുന്നു.

വെയ്റ്റിംഗ് ഷെഡിലിരുന്ന് കുട്ടപ്പൻ റേഡിയോ ശ്രവിക്കുന്ന ചിത്രം 'കേരളകൗമുദി' ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.