അരൂർ/ചേർത്തല: മഹാരാഷ്ട്രയിൽ നിന്ന് ഓറഞ്ചുമായി അരൂരിലും ചേർത്തലയിലുമെത്തിയ ലോറിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടിടത്തും ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട അന്യ സംസ്ഥാന തൊഴിലാളികളായ 11 പേർ ഉൾപ്പെടെ 24 പേരെ ക്വാറന്റൈനിലാക്കി. ചേർത്തല താലൂക്ക് ആശുപത്രിയിൽ വച്ച് ഇവരുടെ ശ്രവം പരിശോധനയ്ക്കെടുത്തു.
അരൂരിലെ എ.കെ.എസ് കോൾഡ് സ്റ്റോറേജിലെ ജീവനക്കാരാണ് അന്യസംസ്ഥാന തൊഴിലാളികൾ. പ്രാദേശികമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരെ മാറ്റിയ ശേഷം അഗ്നിശമന സേന കമ്പനി അണു വിമുക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറെ കോട്ടയം മെഡി. ആശുപത്രിയിലേക്കു മാറ്റി. വ്യവസായ മേഖല ആയതിനാൽ അരൂർ,ചന്തിരൂർ മേഖലയിൽ ധാരാളം അന്യസംസ്ഥാന വാഹനങ്ങൾ എത്തുന്നുണ്ട്. ഇത് ഭീഷണിയണെന്ന് അരൂർ ഹെൽത്ത് ഇൻസ്പെക്ടർ ജവഹർ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തുന്ന ചരക്ക് ലോറി ഡ്രൈവർമാരുടെയും സഹ ജോലിക്കാരുടെയും വാഹനങ്ങളുടെയും വിവരങ്ങൾ സൂക്ഷിക്കാനും അവരെ പ്രത്യേകം പാർപ്പിക്കാനും സൗകര്യം ഏർപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ചേർത്തലയിലെ കട ഉടമയും ലോഡ് ഇറക്കിയ ദിവസം കടയിലെത്തിയവരും ഉൾപ്പെടെ 13 പേരെ ആരോഗ്യ വകുപ്പ് വീടുകളിൽ നിരീക്ഷണത്തിലാക്കി.
കോട്ടയം സ്വദേശിയായ ഡ്രൈവർ മാർച്ച് 25നാണ് എത്തിയത്. അന്നു ഇയാൾക്ക് രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപട്ടികയുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടി മത്രമാണ് ചെയ്തതെന്നും ആർക്കും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.