മാവേലിക്ക: കൊവിഡ് കാലഘട്ടത്തിൽ വ്യത്യസ്ത പദ്ധതികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചെട്ടികുളങ്ങര കൈത്താങ്ങ് സേവാഗ്രാമം പ്രവർത്തകർ. ഇരുപതിനായിരത്തിലധികം മാസ്കുകൾ നിർമ്മിച്ച് ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് നൽകിക്കഴിഞ്ഞു.
അതിജീവനത്തിനായി ബുദ്ധിമുട്ടിയ വാഴക്കുളം മേഖലയിലെ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചലഞ്ച് പദ്ധതിയിലൂടെ നാല് ടണ്ണിലധികം പൈനാപ്പിളുകൾ ഓണാട്ടുകരയുടെ വിവിധ ഭാഗങ്ങളിൽ വിപണനം നടത്തി. വെൺമണി, മാമ്പ്ര, താമരക്കുളം എന്നീ ഭാഗങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച വിഷ രഹിത ജൈവ പച്ചക്കറികൾ, മരച്ചീനി, നടീൽ വസ്തുക്കൾ എന്നിവ നാട്ടുപച്ച എന്നപേരിൽ ആവശ്യക്കാരിൽ എത്തിച്ചു നൽകുകയാണ് ഇപ്പോൾ ഇവർ. ഈ പദ്ധതികളിലൂടെ കിട്ടുന്ന ചെറിയ ലാഭവിഹിതം കാൻസർ, വൃക്ക രോഗങ്ങൾ ബാധിച്ചവർക്ക് വേണ്ട ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചു നൽകാനാണ് ഉപയോഗിക്കുന്നത്. നിരാമയം എന്ന പേരിൽ നടത്തുന്ന ഈ പദ്ധതിയിലൂടെ 35ൽ അധികം പേർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകി. തിരുവനന്തപുരം ആർ.സി.സി, കാരുണ്യ സ്റ്റോറുകൾ, ജൻ ഔഷധി കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഈ കാരുണ്യ പദ്ധതി നടപ്പാക്കുന്നത്. രാജേഷ് ഉണ്ണിച്ചേത്ത്, എം.കെ രാജീവ്, ഗോപൻ ഗോകുലം, ശ്രീജിത്ത്, സന്തോഷ് ചെമ്മാൻകുളങ്ങര, മഞ്ജു അനിൽ, ബിജു, ഹരികുമാർ, രവീന്ദ്രൻ നായർ, സുരജ് തുടങ്ങി 25 അംഗ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്.