തുറവൂർ: കടൽ കാണാണെന്നോണമെത്തിയ മൂന്നംഗ വാനര കുടുംബം തീരവാസികൾക്ക് കൗതുകമായി. ഇന്നലെ വൈകിട്ട് മുന്നോടെയാണ് വാനര സംഘത്തെ പള്ളിത്തോട് ഭാഗത്തെ കടൽഭിത്തിയുടെ മുകളിൽ കണ്ടത്.
തീരദേശത്തെത്തിയ അതിഥികളെ കാണാനായി നാട്ടുകാർ കൂടിയതോടെ ഇവർ അന്ധകാരനഴി - ചെല്ലാനം തീരദേശ റോഡിലേക്കിറങ്ങി നടക്കാൻ തുടങ്ങി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പിന്നാലെ കൂടിയതോടെ വാനര സംഘത്തിന്റെ യാത്ര രാജകീയമായി. ഇടയ്ക്ക് ഇവ ആക്രമിക്കാനായി ഓടി അടുത്തതോടെ കാണികൾ പിന്മാറി. തീരദേശ റോഡിന്റെ അരികിലുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കയറി വാനരസംഘം താമസവും തുടങ്ങി.