പൂച്ചാക്കൽ: പാണാവള്ളിയിൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ചാകുന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 23 നായ്ക്കളെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ആഴ്ച,പതിനഞ്ചാം വാർഡിലെ ഇലഞ്ഞിക്കൽ കിഴക്ക് ഭാഗത്ത് ഏഴു നായ്ക്കൾ ചത്തു. നാട്ടുകാർ അവയെ കൂട്ടത്തോടെ കുഴിച്ചുമൂടുകയായിരുന്നു. വെള്ളിയാഴ്ച പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി 16 നായ്ക്കളെ കൂടി ചത്ത നിലയിൽ കണ്ടതോടെ പഞ്ചായത്ത് സമിതി പൊലീസിലും മൃഗാശുപത്രിയിലും അറിയിച്ചു. മൂന്നു നായ്ക്കളെ ഡോ. മനുജയന്റെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടം ചെയ്തു.വിഷാംശം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
നായ്ക്കളുടെ ശല്യംകൂടിയതോടെ നാട്ടുകാർ വിഷം കലർത്തിയ ഭക്ഷണം കൊടുത്തു കൊന്നതാകാമെന്നതാണ് നിഗമനം. കഴിഞ്ഞ മാസം പഞ്ചായത്തിൽ നിന്ന് കുടുംബശ്രീ അംഗങ്ങൾക്ക് 50,000 കോഴിക്കുഞ്ഞുങ്ങള സൗജന്യ നിരക്കിൽ നൽകിയിരുന്നു. പല സ്ഥലങ്ങളിലും നായ്ക്കൾ ഇവയെ കൊന്നൊടുക്കിയതായി പരാതി കിട്ടിയിരുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സുശീലൻ പറഞ്ഞു .സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഓഫീസർ റോയി കഞ്ചരം ആവശ്യപ്പെട്ടു.