 കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7വരെ

ആലപ്പുഴ : ലോക്ക്ഡൗണിൽ ഇളവനുവദിച്ചതോടെ , കഴിഞ്ഞ രണ്ടു ദിവസമായി ഭക്ഷ്യ സാധനങ്ങളും പഴം, പച്ചക്കറിയും വിൽക്കുന്നതുൾപ്പെടെയുള്ള കടകൾ തുറക്കുന്നുണ്ടെങ്കിലും കാര്യമായ വില്പന നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. വൈകിട്ട് ഏഴു വരെ കട തുറക്കാൻ അനുമതിയുണ്ടെങ്കിലും അഞ്ചുമണിയാകുമ്പോൾ തന്നെ പൊലീസ് മുഴുവൻ കടകളും അടയ്ക്കാൻ നിർദേശം നൽകുന്നതായും ഇവർ ചൂണ്ടിക്കാട്ടുന്നു . അഞ്ചിൽ കൂടുതൽ ആളുകൾ കടകളിൽ എത്തുന്നതും സാമൂഹ്യ വിരുദ്ധർ പൊതു നിരത്തിൽ അഴിഞ്ഞാടാൻ ഇടവരുത്തുന്നതും തടയാനാണ് വൈകുന്നേരങ്ങളിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇളവ് എന്തിനൊക്കെ എന്നതിലുണ്ടായ ആശയക്കുഴപ്പത്തെത്തുടർന്ന് ഞായറാഴ്ച തുറന്ന ടെക്സ്റ്റൈൽ, സ്വർണക്കടകൾ പൊലീസ് അടപ്പിച്ചത് വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കി. അവശ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകളും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം. ഇന്നലെ സാമൂഹിക അകലം പാലിക്കാതെയാണ് പലകടകളിലും സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ എത്തിയത്.

പഴക്കടകളിൽ തിരക്ക്

റംസാൻ നോയമ്പ് ആരംഭിച്ചതോടെ ,പഴവർഗങ്ങൾ വില്ക്കുന്ന കടകളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഓറഞ്ച്, മുന്തിരി, ആപ്പിൾ, ഞാലി, മുസാമ്പി, പപ്പായ എന്നീ ഇനം പഴങ്ങൾക്കാണ് ചെലവ് കൂടുതൽ . ഓറഞ്ച് , ആപ്പിൾ എന്നിവ ലോക്ക്ഡൗണിന് മുമ്പ് സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാൽ വലിയ ക്ഷാമം അനുഭവപ്പെടുന്നില്ല. എന്നാൽ ഫ്രീസറിൽ സൂക്ഷിക്കുന്നതിനാൽ, പുറത്തെടുത്ത് ഒന്നോ രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ കേടാകും. എല്ലായിനം പഴവർഗങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്.

 തുറക്കാൻ അനുമതിയില്ലാത്തവ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, കായികകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, ആഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ,സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മറ്റ് കൂടിച്ചേരലുകളും, അങ്കണവാടികൾ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കൽ വീടുകളിൽ), ബാർബർ ഷോപ്പുകൾ, ലേഡീസ് സ്റ്റോറുകൾ, ബ്യൂട്ടി പാർലറുകൾ, ടെക്സ്റ്റൈലുകൾ, സ്റ്റുഡിയോകൾ, ചെരിപ്പുകടകൾ, ജൂസ് കടകൾ, തട്ടുകടകൾ, തയ്യൽക്കടകൾ,ചായയും പാനീയങ്ങളും വിൽക്കുന്ന പെട്ടിക്കടകൾ, റോഡരികിൽ എണ്ണയിൽ വറുത്ത് നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വില്പന, സ്വർണ്ണക്കടകൾ, പുകയിലയുടെ ഉപയോഗവുംവില്പനയും, ഫോട്ടോകോപ്പി/പ്രിന്റിംഗ് കടകൾ, ഇന്റർനെറ്റ് കഫെകൾ.