vn-babu-
വി.എൻ.ബാബുവും ഭാര്യ ശാന്തമ്മയും

വ്യവസായി വി.എൻ.ബാബുവിന് ചേർത്തല കരപ്പുറത്തെ സിലിക്കാ മണൽ പോറ്റമ്മയാണ്.ചെറുപ്പകാലത്ത് മണ്ണപ്പം ചുട്ടുകളിച്ച അതേ മണലിലാണ് ഇന്ന്, പടർന്നുപന്തലിക്കുന്ന സ്വന്തം വ്യവസായ വൃക്ഷത്തിന്റെ തായ് വേരുറച്ചിരിക്കുന്നത്.സിലിക്ക സാൻഡ് ബിസിനസിൽ നിന്ന് എക്സ്പോർട്ടിംഗ്, നക്ഷത്ര ഹോട്ടൽ, ഫ്യൂവൽ ഏജൻസി, വെയിംഗ് ബ്രിഡ്ജ് തുടങ്ങി സിനിമാനിർമ്മാണം വരെ എത്തി നിൽക്കുകയാണ് വി.എൻ.ബാബു. വച്ചടി കയറ്റമുണ്ടാവുമ്പോഴും സഹജീവി സ്നേഹവും കരുതലുമാണ് മനസിൽ.

ചേർത്തല തൈക്കാട്ടുശ്ശേരിയിലെ ഇടത്തരം ഈഴവകുടുംബമായ വെളിയിൽ വീട്ടിൽ നരസി- ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനനം.ജാതിമേൽക്കോയ്മ നിലനിന്ന കാലമായിരുന്നെങ്കിലും പ്രദേശത്തെ സവർണ്ണ കരപ്രമാണിമാർക്കും സ്വീകാര്യനായിരുന്നു അച്ഛൻ നരസി.സൗന്ദര്യവും ചങ്കുറപ്പും പാണ്ഡിത്യവും ഒത്തിണങ്ങിയ വ്യക്തിത്വം അദ്ദേഹത്തെ ഏവർക്കും സ്വീകാര്യനാക്കി.ആവി എൻജിൻ മെക്കാനിസം വശമായിരുന്നതിനാൽ അദ്ദേഹത്തിന് പ്രത്യേക ഡിമാൻഡായിരുന്നു.പ്രശസ്തമായ തൈക്കാട്ടുശ്ശേരി തരകൻ കുടുംബവുമായി അടുത്ത ബന്ധവും പുലർത്തിയിരുന്നു. പുരാണങ്ങളിലും
ഗുരുദേവകൃതികളിലും അഗാധപാണ്ഡിത്യം ഉണ്ടായിരുന്ന പിതാവ്
മക്കൾക്കും അവയുടെ പൊരുൾ പകർന്നു നൽകി.സഞ്ചാരം നേരിന്റെ വഴിയിലൂടെ വേണമെന്ന അച്ഛന്റെ ശാസന ഇന്നും ശിരസാ വഹിക്കുന്നു. പേരുപോലെ തന്നെ ഐശ്വര്യം പരത്തിയിരുന്ന അമ്മയിൽ നിന്നാണ് ബാബുവിന്റ ഉള്ളിലേക്കുള്ള സ്നേഹത്തിന്റെ നീരുറവ. തികഞ്ഞ ഗുരുഭക്തയായിരുന്ന അമ്മയ്ക്ക് രാവിലെയും സന്ധ്യയ്ക്കുമുള്ള പ്രാർത്ഥന നിർബന്ധം. അവരുടെ മകനായി ജനിച്ചത് വലിയ പുണ്യം. പിന്നെ ജീവിതപങ്കാളി ശാന്തമ്മയാണ് ജീവിതവിജയത്തിന് ത്യാഗപൂർണ്ണമായ പിന്തുണ. പകൽ സമയത്തുപോലും സ്വപ്നങ്ങൾ നെയ്യുന്നവർക്കാണ് ജീവിത വിജയമെന്നത് അനുഭവത്തിൽ നിന്നുള്ള സന്ദേശം.

മണ്ണിലേക്കിറങ്ങിയ

മനസ്
തൈക്കാട്ടുശ്ശേരി എസ്. എം. എസ്. ജെ. ഹൈസ്‌കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ മനസിൽ ബിസിനസ് മോഹം വളർന്നു.1985-ൽ മണ്ണിന്റെ പ്രാദേശിക ഏജന്റായി. 2004 ൽ വ്യവസായ വകുപ്പിനു നൽകിയ റിപ്പോർട്ട് വകുപ്പു മന്ത്റിയായിരുന്ന പി. കെ.കുഞ്ഞാലിക്കുട്ടിയും വകുപ്പ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യനും അംഗീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മണ്ണിന്റെ വ്യാവസായിക സാദ്ധ്യതയ്ക്ക് പദ്ധതിയായത്.തൈക്കാട്ടുശ്ശേരിയിൽ സതേൺ മിനറൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തുടങ്ങി. ഭദ്രദീപം തെളിച്ചത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.കോയമ്പത്തൂരിലെ ചില സ്ഥാപനങ്ങളിൽ നിന്നുള്ള അന്വേഷണം എത്തിയതോടെ മധുക്കരയിൽ സതേൺ മിനറൽസിന്റെ ശാഖ തുടങ്ങി.പിന്നെയൊരു കുതിപ്പായിരുന്നു.

വിവിധ ഫൗണ്ടറികൾക്കാവശ്യമുള്ള സിലിക്ക മണൽ, റെസിൻ കോട്ടഡ് സാൻഡ്, ഗ്രേഡഡ് സിലിക്ക സാൻഡ് തുടങ്ങിയവയൊക്കെ ലഭ്യമാക്കി.പുറമെ ഗ്ലാസ്സ് ഫാക്ടറികൾക്കാവശ്യമുള്ള സിലിക്ക മണലും.ഇന്ത്യൻ ഫൗണ്ടറി അസോസിയേഷൻ അംഗത്വം ലഭിച്ചിട്ടുണ്ട്.
കമ്പനിയിലും മൈനിംഗ് സെക്ടറിലുമായി അഞ്ഞൂറോളം ജോലിക്കാർ. 2012 ൽ കേരള കൗമുദി ആലപ്പുഴ യൂണി​റ്റിൽ നിന്ന് പുതുസംരംഭകനുള്ള ആദരം ഏ​റ്റുവാങ്ങാനായി. ചേർത്തല കഞ്ഞിക്കുഴിയിൽ തുടങ്ങിയ നക്ഷത്ര ഹോട്ടലിന് 'സിൽവർ സാൻഡ് റസിഡൻസി' എന്നു പേരിട്ടത് മണ്ണിനോടുള്ള ആത്മബന്ധമാണ്. എൻട്രീമാ​റ്റ്‌സ് എക്‌സ്‌പോർട്ടിംഗ് കമ്പനി, പള്ളിപ്പുറത്ത് വെളിയിൽ ഫ്യുവൽസ്, വെളിയിൽ വെയിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് മറ്റു സ്ഥാപനങ്ങൾ.രണ്ടാമത്തെ ഹോട്ടൽ ചേർത്തല പള്ളിപ്പുറത്ത് നിർമ്മാണം പുരോഗമിക്കുന്നു.

സിനിമയിലും

ഒരു കൈ
2013- ൽ സംവിധായകൻ വിനയനുമായി ചേർന്ന് 'ലി​റ്റിൽ സൂപ്പർമാൻ' 3 ഡി സിനിമ ചെയ്തു. സർക്കാർ വിനോദനികുതി
ഒഴിവാക്കിയെങ്കിലും സാമ്പത്തിക മെച്ചമുണ്ടായില്ല. സുഹൃത്തായ ഒ.സി വക്കച്ചനുമായി ചേർന്ന് പൊക്കം കുറഞ്ഞവരെ കഥാപാത്രങ്ങളാക്കി ചെയ്ത സിനിമ ലോക്ക് ഡൗൺ കാരണം ഇറങ്ങിയില്ല. മമ്മൂട്ടിയും മഞ്ജുവാര്യരും പിഷാരടിയും ജഗദീഷും ഉൾപ്പെട്ട താരനിരയുള്ള 'ദി പ്രീസ്റ്റ് ' എന്ന സിനിമയുടെ വർക്ക് തുടങ്ങി. ബി. ഉണ്ണിക്കൃഷ്ണൻ,​ ആന്റോ ജോസഫ് എന്നിവരുമായി ചേർന്നാണ് നിർമ്മാണം.
വായനയും വിദേശരാജ്യങ്ങൾ സന്ദർശിക്കലും ഇഷ്ടവിനോദങ്ങൾ.അമേരിക്ക, ചൈന. സിങ്കപ്പൂർ, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിച്ചു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി 2003 മുതൽ ആത്മബന്ധമുണ്ട്.

സംഘടനാ

പ്രവർത്തനം
എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയാണ്.106 ശാഖകളിലെ 45,000 കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് ലോക്ക് ഡൗൺ നാളിൽ ആശങ്കയുണ്ടായി. സഹധർമ്മണി ശാന്തമ്മയുടെ താത്പര്യം കൂടിയായപ്പോൾ 106 ശാഖകളിലും രണ്ടു ചാക്ക് വീതം അരി എത്തിച്ചു.യൂണിയൻ പരിധിയിലെ എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും കെ.എസ്.ഡി.പിയിൽ നിന്നും സാനി​ട്ടൈസർ എത്തിച്ചു. പൊലീസ് സേനയ്ക്ക് മാസ്‌കും സാനിട്ടൈസറും നൽകി. എല്ലാത്തിനും യൂണിയൻ കൗൺസിലും യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും ഒപ്പം നിന്നു.

സാമൂഹ്യ രംഗത്തും

സജീവം
സാമൂഹ്യ പ്രവർത്തനം വലിയ സംതൃപ്തിയാണ്. തൈക്കാട്ടുശ്ശേരിയിലെ സ്‌നേഹം ചാരി​റ്റബിൾ സൊസൈ​റ്റി ചെയർമാൻ, എറണാകുളം രാമവർമ്മ ക്ലബ്ബ് അംഗം, റോട്ടറി ക്ലബ് മേജർ ഡോണർ മെമ്പർ, എസ്.എൻ ട്രസ്റ്ര് ലൈഫ് മെമ്പർ. 2014-15ൽ റോട്ടറി ക്ലബിന്റെ ചേർത്തല യൂണി​റ്റ് പ്രസിഡന്റായിരിക്കുമ്പോൾ ചേർത്തല ഡിസ്ട്രിക്റ്റിലെ നല്ല ഫൈവ് സ്​റ്റാർ ക്ലബിന്റെ ഏ​റ്റവും മികച്ച പ്രസിഡന്റിനുള്ള അവാർഡ് ലഭിച്ചു.
2011-ൽ വിവാഹ വാർഷികത്തോടനുബന്ധിച്ച് തൈക്കാട്ടുശ്ശേരിയിൽ ഒരു വിധവയ്ക്ക് നാലു ലക്ഷം രൂപയ്ക്ക് വീടുവച്ചു നൽകി. 2015-ലും മൂന്നു പേർക്ക് ഭവന നിർമ്മാണത്തിന് സഹായം നൽകി.തൈക്കാട്ടുശ്ശേരി സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് സൗജന്യമായി 5 സെന്റ് സ്ഥലം. 6 പേർ ചേർന്ന് കഞ്ഞിക്കുഴിയിലെ 6 കുട്ടികളെ ദത്തെടുത്തു.ധാരാളം പേർക്ക് വിദ്യാഭ്യാസ സഹായവും നൽകുന്നു.തൈക്കാട്ടുശ്ശേരി അർദ്ധനാരീശ്വര ക്ഷേത്രം പ്രസിഡന്റായിരിക്കുമ്പോൾ ആനപ്പന്തലും ക്ഷേത്ര മന്ദിരവും നിർമ്മിച്ചു നൽകി.


മകൻ ഇല്ലാത്തത്

നൊമ്പരം
2016 മെയ് 8 നാണ് മകൻ ബോബൻ ആകസ്മികമായി വേർപെട്ടത്. എക്‌സ്‌പോർട്ടിംഗ്
ബിസിനസും ഹൗസ്‌ബോട്ടും ഉൾപ്പെടെയുളള കാര്യങ്ങൾ സ്വന്തം നിലയിലും അച്ഛന്റെ ബിസിനസിൽ പങ്കാളിയായും കഴിയുമ്പോഴായിരുന്നു വേർപാട് .അന്നുമുതൽ വീട്ടിൽ വിശേഷദിവസങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കി. ജ്യേഷ്ഠ സഹോദരി രാജമ്മ. ഇളയ സഹോദരൻ തിലകൻ. ഭാര്യ ശാന്തമ്മ കുടവെച്ചൂർ പിഴായിൽ കുടുംബാംഗം. ശിവഗിരി മഠത്തിലെ സ്വാമി ബോധി തീർത്ഥാനന്ദയുടെ സഹോദരിയാണ്. മകൾ ബോബിയും മരുമകൻ സന്തോഷും ബിസിനസിൽ സഹായികളാണ്.ചെറുമക്കൾ:ജസ്വന്ത് (സുദേവ്),അമിയ (ശ്രീക്കുട്ടി),സമീര (ദേവൂട്ടി), ലക്ഷ്മി.


പ്രാർത്ഥനയോടെ

തുടക്കം
പുലർച്ചെ അഞ്ചിന് ഉണർന്നാൽ അഞ്ചു മിനി​റ്റ് മൗനപ്രാർത്ഥന, ഒരു മണിക്കൂർ യോഗ. പത്നി നൽകുന്ന ചെറു ചൂടുവെള്ളമാണ് ആദ്യം കഴിക്കുക. പത്രവായനയ്ക്കും ടിവി വാർത്തകൾക്കും കുറച്ചു സമയം. പ്രഭാതഭക്ഷണശേഷം വീടിനോടു ചേർന്നുളള ഓഫീ
സിൽ. പിന്നീട് ഷെഡ്യൂൾ അനുസരിച്ചുളള പരിപാടികൾ, ചേർത്തല യൂണിയൻ ഓഫീസ്, കഞ്ഞിക്കുഴിയിലുളള ഹോട്ടൽ, ബിസിനസ് മീ​റ്റിംഗുകൾ.സന്ധ്യയോടെ വീട്ടിലെത്തിയാൽ പ്രാർത്ഥനയും അത്താഴവും. ചേർത്തലയിൽ സ്​റ്റീൽ കാസ്​റ്റിംഗ് തുടങ്ങുകയെന്നതാണ് സ്വപ്നപദ്ധതി. ധാരാളം ജോലിസാദ്ധ്യതയുണ്ട്. ഗുരുദേവകൃപയാൽ ശുഭമാകുമെന്ന് വിശ്വാസം.