മാവേലിക്കര: ടി.കെ.മാധവന് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. ടി.കെ.മാധവന്റെ ചരമവാർഷികത്തിന്റെ നവതി ആചരണം ചെട്ടികുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിന്റെ പിൽഗ്രീം സർക്യൂട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടുത്തി ടി.കെ.മാധവൻ പഠന ഗവേഷണ കേന്ദ്രം എന്നിവ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കണം. ചടങ്ങിൽ രാജൻ ഡ്രീംസ് അദ്ധ്യക്ഷത വഹിച്ചു. ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, അജി പേരാത്തേരിൽ എന്നിവർ സംസാരിച്ചു. മേഖലയിലെ ശാഖാ ഭാരവാഹികളുടെ നേത്രത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. പാൽപ്പായസ വിതരണം, ഭക്ഷ്യധാന്യ കിറ്റ്,പച്ചക്കറി കിറ്റ് വിതരണം, കിടപ്പ് രോഗികൾക്ക് മരുന്ന് വിതരണം എന്നീ ക്ഷേമപദ്ധതികളും ചടങ്ങിന്റെ ഭാഗമായുണ്ടായിരുന്നു.