ആലപ്പുഴ : അപകടങ്ങളും തീപിടിത്തവുമുണ്ടാകുമ്പോൾ ആദ്യം ആരുടെയും വിരൽത്തുമ്പിലെത്തുന്ന ഫോൺ നമ്പരാണ് 101. വിളിപ്പുറത്ത് ഫയർ ഫോഴ്സുണ്ടെന്ന വിശ്വാസമാണിതിനു പിന്നിൽ. ലോക്ക് ഡൗൺ വന്നതോടെ അപകടങ്ങൾ കുറഞ്ഞെങ്കിലും ഫയർ ഫോഴ്സിന് ഒട്ടും വിശ്രമമില്ല. പുതിയ മേഖലകളിലാണ് ഇപ്പോൾ ഫയർ ഫോഴ്സിന്റെ സഹായഹസ്തമെത്തുന്നത്.
ജീവൻരക്ഷാ മരുന്നു ലഭിക്കാത്തവർക്ക് അതെത്തിച്ചു നൽകുന്നതും വിവിധ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതും എല്ലാം ഇതിലുൾപ്പെടുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകുന്നതിൽ ഫയർഫോഴ്സിന്റെ സേവനം നൂറുകണക്കിന് പേർക്ക് സഹായമാകുന്നു.
ജില്ലയ്ക്കകത്തും പുറത്തുമായി ദിവസേന 50 മുതൽ നൂറ് പേർക്ക് വരെ ഫയർഫോഴ്സ് അധികൃതർ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുനൽകുന്നുണ്ട്. ആശുപത്രികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ജീവനക്കാർ മരുന്നു വാങ്ങിയാണ് ആവശ്യക്കാരാുടെ വീടുകളിൽ എത്തിക്കുന്നത്. ഉപഭോക്താക്കൾ പണം ഓൺലൈനായി നൽകും. നിർദ്ധനർക്ക് ഉദ്യോഗസ്ഥർ സ്വന്തം ചെലവിലും മരുന്നുകൾ വാങ്ങി എത്തിക്കുന്നുണ്ട്.
കടൽ കടന്നും സഹായം
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ജീവനക്കാരനായ ബാവ അഷ്റഫിന് വേണ്ടി ഇരവുകാട് സ്വദേശിയായ ഭാര്യ ജസീന അഷ്റഫ് വാങ്ങിയ മരുന്ന് ഫയർ ഫോഴ്സ് ജീവനക്കാരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് എത്തിക്കാനായത്. ദുബായിലേക്ക് മരുന്ന് എത്തിക്കാൻ ദിവസങ്ങളായി വിവിധ സംഘടനകളുടെ സഹായം തേടിയെങ്കിലും നിരാശയായ ജസീന കഴിഞ്ഞ ദിവസം നഗരസഭാംഗം ബഷീർ കോയാപറമ്പിലിനൊപ്പം ഫയർ ഫോഴ്സ് ഓഫിസിൽ മരുന്നുമായി എത്തുകയായിരുന്നു. വിവരം അറിഞ്ഞതോടെ ഫയർ ഫോഴ്സ് സംഘം മരുന്ന് നെടുമ്പാശേരിയിൽ എത്തിച്ച് അവിടെ നിന്ന് ദുബായിലേക്ക് കൊടുത്തുവിടുകയായിരുന്നു.
50 : ഒരുദിവസം 50 മുതൽ നൂറ് പേർക്ക് വരെ ഫയർഫോഴ്സ് അധികൃതർ ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നുണ്ട്
അണുനശീകരണം
പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, പ്രധാന ഓഫിസുകൾ, ആരോഗ്യ പ്രവർത്തകരുമായി സഞ്ചരിക്കുന്ന കെ.എസ്. ആർ.ടി.സി ബസുകൾ തുടങ്ങിയവയുടെ അണുനശീകരണം.സോഡിയം ഹൈപ്പോക്ലോറൈഡ് ലായിനി തളിച്ചാണ് അണുനശീകരണം. 99 ശതമാനം വെള്ളത്തിൽ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈഡ് എന്നതാണ് അനുപാതം.
'' സേവന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതിവേഗത്തിൽ മരുന്നുകൾ കൃത്യ സ്ഥലത്ത് എത്തിക്കാൻ സാധിക്കുന്നുണ്ട്.'' - കെ.ആർ.അഭിലാഷ് , ജില്ലാ ഫയർ ഓഫിസർ