ചേർത്തല: കൊവിഡ് സ്ഥിരീകരിച്ച ചരക്ക് ലോറി ഡ്രൈവർ ചേർത്തലയിൽ ലോഡ് ഇറക്കിയ പഴക്കട ആരോഗ്യ വകുപ്പ് താത്കാലികമായി പൂട്ടിച്ചു. സാധനങ്ങൾ നശിപ്പിക്കാനും നിർദ്ദേശം നൽകി.
കഴിഞ്ഞദിവസം കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർ മാർച്ച് 25ന് ചേർത്തല നഗരത്തിലെ ഒരു കടയിലും ലോഡ് ഇറക്കിയിരുന്നു.രോഗിയുടെ സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ചേർത്തലയിലെ കട പൂട്ടിക്കുകയും ആ സമയം കടയിലുണ്ടായിരുന്നവരെ ഉൾപ്പെടെ 13 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തത്.അന്ന് കടയിൽ ഇറക്കിയ ഓറഞ്ച്,തണ്ണിമത്തൻ,മുന്തിരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.കടയിലെ സി.സി ടിവി ദൃശ്യങ്ങളിലൂടെയാണ് ആ ദിവസം കടയിലെത്തിയവരെ കണ്ടെത്തിയത്.ഇവരുടെ സ്രവമെടുത്ത് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ചേർത്തല നെടുമ്പ്രക്കാടുള്ള കയർ കയറ്റുമതി സ്ഥാപനത്തിലേക്ക് കയർ ഉത്പ്പന്നങ്ങളുമായി മഹാരാഷ്ട്രയിൽ നിന്നെത്തിയ ലോറി ഡ്രൈവറുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഏപ്രിൽ 22നാണ് ലോറിയെത്തിയത്.മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയിൽ എത്തിയ ഡ്രൈവർ ആ നാട്ടുകാരനുമായിരുന്നു. 22ന് ഇവിടെയെത്തിയതിനെ തുടർന്ന് ഡ്രൈവറെയും ലോഡ് ഇറക്കിയ 4 പേരെയും ക്വറാന്റെൻ ചെയ്തിരുന്നു. പരിശോന ഫലം നെഗറ്റിവ് ആയതിനെ തുടർന്ന് ഡ്രൈവറെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. ലോഡ് ഇറക്കിയ 4 പേർ മുൻകരുതലായി 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരും.