മാവേലിക്കര: നന്മ നിറഞ്ഞ കുട്ടപ്പനെ ഏറ്റെടുക്കാൻ സന്നദ്ധമായി ഗാന്ധിഭവൻ. തെരുവിൽ കഴിയുന്ന കുട്ടപ്പൻ ഭിക്ഷയാചിച്ച് ലഭിച്ച തുകയിൽ നിന്ന് ശേഖരിച്ച് വച്ചിരുന്ന 381 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത വാർത്ത ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ഇന്നലെ ഒരു ദിവസംകൊണ്ട് നവമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട ഗാന്ധിഭവൻ സെക്രട്ടറി സോമരാജനാണ് കുട്ടപ്പനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. ലോക് ഡൗൺ തുടങ്ങിയ നാൾ മുതൽ കുട്ടപ്പൻ അടക്കമുള്ള മാവേലിക്കരയിലെ അഗതികൾക്ക് ഭക്ഷണപ്പൊതിയും കുടിവെള്ളവും എത്തിച്ചുനൽകുന്ന മാവേലിക്കര ജോ.ആർ.ടി.. ഒ എം.ജി മനോജിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരേയുമാണ് ഗാന്ധിഭവൻ ഈ വിവരം അറിയിച്ചത്. നിയമപരമായ കടമ്പകൾ പിന്നിട്ടാൽ കുട്ടപ്പന് ഗാന്ധിഭവനിൽ സ്വസ്ഥജീവിതം ഒരുങ്ങും.