ചേർത്തല: കോടയും വാറ്റുപകരങ്ങളുമായി 3 പേർ പിടിയിലായി. പള്ളിപ്പുറം മാട്ടുത്തുരുത്ത് വടക്കേപനച്ചിക്കൽ മധു (49) വിനെ ഒരു ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായും ചേർത്തല നഗരസഭ 18﹣-ാം വാർഡിൽ മുള്ളേരിവെളി രാജേഷ‌്(42) നെ 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായാണ് ചേർത്തല എക‌്സൈസ‌് അറസ്റ്റ് ചെയ്തത്.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കൂട്ടേഴത്തുവെളി മണിയപ്പൻ(65)നെ 60 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പട്ടണക്കാട് സി.ഐ.രൂപേഷ് രാജിന്റെ നേതൃത്വത്തിലും പിടികൂടി.
എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ പിടികൂടിയ മധു വാടകവീട്ടിലാണ് ചാരായം വാറ്റിയതെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പിടിയിലായ രാജേഷ് വീട്ടുവളപ്പിലാണ‌് കോട സൂക്ഷിച്ചത‌്. ചേർത്തല റേഞ്ച‌് അസി.ഇൻസ്പെക്ടർ എസ്.രാധാകൃഷ്ണൻ,എക‌്സൈസ‌് പ്രിവന്റീവ‌് ഓഫീസർ എ.കുഞ്ഞുമോൻ,ആർ.അശോകൻ,സിവിൽ എക‌്സൈസ‌് ഓഫീസർമാരായ ഡി.മായാജി,കെ.ആർ.ജോബ്,കെ.ടി. കലേഷ‌്, തസ്ലിം, ഗിരീഷ‌്കുമാർ എന്നിവരാണ‌് പരിശോധനയിൽ പങ്കെടുത്തത‌്.