അമ്പലപ്പുഴ:ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ബി.എസ്.എൻ.എൽ ജീവനക്കാരൻ രണ്ടു ദിവസം പുറത്തിറങ്ങി നടന്നു. മെഡിക്കൽ ഓഫീസറുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.തകഴി സ്വദേശിക്കെതിരെയാണ് തകഴി മെഡിക്കൽ ഓഫീസർ ഡോ: ഷിബു സുകുമാരന്റെ പരാതിയെത്തുടർന്ന് നെടുമുടി പോലീസ് കേസെടുത്തത്.ഈ മാസം 21നാണ് ഇദ്ദേഹം കൊല്ലത്തുണ്ടായിരുന്ന ഭാര്യയേയും ഒരു വയസുള്ള കുട്ടിയേയും വിളിക്കാൻ പോയത്.ജില്ല വിട്ടു പോകരുതെന്ന നിർദേശം നിലനിൽക്കെയാണ് ഇദ്ദേഹം വ്യാജ സത്യവാങ്മൂലം കാട്ടി കൊല്ലത്ത് പോയത്. അന്നു വൈകിട്ടു തന്നെ ഇദ്ദേഹം കുടുംബ സമേതം തിരികെയെത്തി.പിന്നീട് മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ നടത്തിയ പതിവു പരിശോധനക്കിടെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഭാര്യയേയും കുട്ടിയേയും കണ്ടപ്പോഴാണ് ജില്ല വിട്ടു സഞ്ചരിച്ച വിവരമറിയുന്നത്. കൊല്ലത്ത് പോയ വിവരവും മടങ്ങിയെത്തിയ വിവരവും ഇദ്ദേഹം മറച്ചു വെക്കുകയായിരുന്നു. നിരീക്ഷണ കാലാവധി കഴിയുന്ന 28 ദിവസം പൂർത്തിയാക്കുമ്പോൾ സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്ന് പോലീസ് പറഞ്ഞു.