ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വേമ്പനാട് കായലിന്റെ തീരപ്രദേശമായ ഒന്ന് മുതൽ ആറ് വരെ വാർഡുകളിൽ കൽക്കെട്ടുകൾക്കും വീടുകൾക്കും വളളങ്ങൾക്കും മത്സ്യ ബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായി. മൂന്നര മണിയോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. വേലിയേറ്റ സമയമായതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടിരുന്നതിനാൽ തീരത്തേയ്ക്ക് തിര അടിച്ചു കയറുന്ന സ്ഥിതി ഉണ്ടായി . തണ്ണീർമുക്കത്ത് മണ്ണേൽ ഭാഗത്ത് അൻപതോളം വളളങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. തണ്ണീർമുക്കം ബണ്ട് അടിയന്തിരമായി തുറക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന അടിയന്തര കോർകമ്മറ്റി യോഗം കളക്ടറോട് ആവശ്യപ്പെട്ടു. വിവിധ വാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ രമമദനൻ, ബിനിതമനോജ്, അംഗങ്ങളായ സാനുസുധീന്ദ്രൻ,രമേശ്ബാബു,എം മധു, മറിയാമ്മ എന്നിവർ സന്ദർശിച്ചു.