ആധുനിക കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ സംഭവബഹുലമായ ഒരദ്ധ്യായമാണ് ആർ.ശങ്കറിന്റെ ജീവിതം. പ്രതിസന്ധികളെ കരളുറപ്പും അർപ്പണബോധവും കൊണ്ട് മറികടന്ന് , എതിരാളികളെ അസ്തപ്രജ്ഞരാക്കുന്ന വിജയം നേടുന്നത് എങ്ങനെയെന്ന് അറിയാൻ ഇന്നത്തെ രാഷ്ട്രീയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമാണ് അത്.
സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ തരിപ്പണമായ കോൺഗ്രസിനെ പുന:സംഘടിപ്പിച്ചതിൽ, വിമോചന സമരത്തിലൂടെ ഇ.എം.എസ് സർക്കാരിനെ പുറത്താക്കുന്നതിൽ, ശ്രീനാരായണധർമ പരിപാലന യോഗത്തെ ചലനാത്മകമായ പ്രസ്ഥാനമായി മാറ്റിയെടുത്തതിൽ ആർ. ശങ്കർ എന്ന സോഷ്യൽ എൻജിനീയറുടെ കർമ്മ കുശലത ആദരവോടെയേ നോക്കിക്കാണാനാകൂ. എത്ര വലിയ സംഭാവനകൾ ചെയ്ത പ്രതിഭയായിരുന്നാലും അധികാരം പങ്കുവയ്ക്കമ്പോൾ ജാതി വൈതാളികർ അധികാരക്കസേരയിൽ പിന്നാക്കക്കാരൻ വരുന്നതു തടയാൻ ഏതറ്റം വരെ പോകുമെന്ന തുടർനാടകത്തിന്റെ തുടക്കവും ആർ. ശങ്കറിനെതിരെയാണ് ! വിമോചന സമരകാലം വരെ ശങ്കറിന്റെ സഹോദര സ്ഥാനീയനായി ഒപ്പമുണ്ടായിരുന്ന മന്നത്ത് പത്മനാഭൻ പോലും,അധികാരം പങ്കിടും നേരം പട്ടം താണുപിള്ളയ്ക്കു വേണ്ടി നിന്നത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജാതീയ തിരസ്‌കാരത്തിന്റെ ചരിത്രം കൂടിയാണ്.
പടവുകൾ താണ്ടി
കൊടുമുടിയിലേക്ക്
1909 ഏപ്രിൽ 30ന് കൊട്ടാരക്കര താലൂക്കിലെ പുത്തൂർ എന്ന ചെറുഗ്രാമത്തിൽ നെയ്ത്തുകാരായ രാമൻ, കുഞ്ചാളി ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായാണ് ശങ്കർ ജനിച്ചത്. തിരുവിതാംകൂർ സറ്റേറ്റ് കോൺഗ്രസിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച് കെ.പി.സി.സി പ്രസിഡന്റ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, ഉപമുഖ്യമന്ത്റി, ധനകാര്യമന്ത്റി തുടങ്ങിയ പടവുകൾ താണ്ടിയാണ് ശങ്കർ സംസ്ഥാന മുഖ്യമന്ത്റി പദത്തിലെത്തിയത്. അതിനിടെ മുപ്പത്തിയഞ്ചാം വയസിൽ ഒരു പതിറ്റാണ്ടിലേറെക്കാലം (1944- 54, 1956- 57) എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും 1954-56 കാലത്ത് യോഗം പ്രസിഡന്റ്, 1952 മുതൽ എസ്.എൻ ട്രസ്റ്റ് സ്ഥാപകൻ എന്നീ നിലകളിൽ സമുദായത്തിനും നിസ്തുല സംഭാവനകൾ നൽകി.
കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തോറ്റു തുന്നംപാടിയ കോൺഗ്രസിൽ ചേരിപ്പോരും ഗ്രൂപ്പു വഴക്കും ശക്തമായ കാലത്താണ് ശങ്കർ കെ.പി.സി.സി. പ്രസിഡന്റ് ആകുന്നത്. കമ്മ്യൂണിസ്റ്റ് മന്ത്റിസഭയുടെ കർഷകബന്ധ ബിൽ, വിദ്യാഭ്യാസ ബിൽ തുടങ്ങിയ നയപരിപാടികളിലും മറ്റും പൊതുസമൂഹത്തിൽ എതിർപ്പുകൾ ശക്തമായപ്പോഴും നിലപാടില്ലാത്ത കോൺഗ്രസ് അമരക്കാരനില്ലാത്ത നൗകപോലെ ആടിയുലഞ്ഞ കാലത്തായിരുന്നു ശങ്കറിന്റെ വരവ്. കമ്യൂണിസ്റ്റ് വിരോധികളായ പ്രതിപക്ഷ കക്ഷികളെയും മത മേലദ്ധ്യക്ഷന്മാരെയും അണിനിരത്തി സർക്കാരിനെതിരെ ശങ്കർ പ്രതിരോധനിര കെട്ടിപ്പൊക്കി.
പ്രധാനമന്ത്റി ജവർലാൽ നെഹ്റുവിന് വിമോചനസമര നീക്കത്തോട് പരോക്ഷമായ എതിർപ്പുകളുണ്ടായിരുന്നെങ്കിലും കോൺഗ്രസിന് അധികാരത്തിൽ വരാനാകുന്ന സാഹചര്യം അതിലൂടെ ഉണ്ടാകുമെന്ന് ഇന്ദിരാഗാന്ധി മുഖേന ബോദ്ധ്യപ്പെടുത്തിയാണ് ആർ.ശങ്കർ വിമോചനസമരത്തിന് നേതൃത്വം നൽകിയത്. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വെന്നിക്കൊടി പാറിക്കുകയും ചെയ്തു.
അധികാരത്തിന്റെ
അണിയറ നാടകം
തുടർന്ന് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആർ.ശങ്കറിന് മുഖ്യമന്ത്റിയാകാനായില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അരങ്ങേറിയ ഒരു പുറാട്ടുനാടകത്തിലൂടെ, അധഃകൃത സമുദായക്കാരനായ ശങ്കറിനെ മുഖ്യമന്ത്റി പദത്തിൽനിന്ന് അകറ്റിനിറുത്തുകയും പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്റിയാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ നിയോഗംപോലെ 1962 സെപ്തംബർ 26ന് ആർ.ശങ്കർ കേരള മുഖ്യമന്ത്റിയായി സത്യപ്രതിജ്ഞചെയ്തു.
രാഷ്ട്രീയത്തിലും ഭരണരംഗത്തും ഒട്ടേറെ നവീനാശയങ്ങളുടെ വിജയശില്പിയായി വിരാജിക്കുന്നതിനിടയിലും ഏതെങ്കിലുമൊക്കെ കാലങ്ങളിൽ ആത്മമിത്രങ്ങളായും സന്തതസഹചാരികളായും പ്രവർത്തിച്ചിരുന്ന പലരും ശങ്കറിനായി വാരിക്കുഴികൾ തീർക്കുന്ന യത്നം തുടർന്നുകൊണ്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയും വിശ്വാസവും ആർജിച്ചിരുന്നതുകൊണ്ടു മാത്രമാണ് ഇത്തരം കിംവദന്തികളിൽ നിന്ന് അദ്ദേഹം രക്ഷപെട്ടു നിന്നത്. ഒടുവിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 15 കോൺഗ്രസ് എം.എൽ.എ മാരും വോട്ടുചെയ്തതോടെ 1964 സെപ്തംബർ 8ന് ശങ്കർ മന്ത്റിസഭ വീണു.
കടൽ പോലെ
കർമ്മകാണ്ഡം
19 ാം വയസിൽ ശിവഗിരി മാതൃകാ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനായി നിയമിതനായതോടെയാണ് ആർ. ശങ്കർ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് യോഗം ജനറൽ സെക്രട്ടറിയായി അവരോധിതനായപ്പോൾ വിദ്യാഭ്യാസം, സംഘടന, വ്യവസായം തുടങ്ങി എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിഗണന.
കൊല്ലം പീരങ്കി മൈതാനത്ത് 27.10 ഏക്കർ സ്ഥലം തിരുവിതാംകൂർ സർക്കാരിൽനിന്ന് നേടിയെടുക്കാനായതും 1948 ൽ അവിടെ പ്രീ യൂണിവേഴ്സിറ്റി ക്ലാസുകളുമായി എസ്.എൻ കോളേജ് സ്ഥാപിതമായതും ഈഴവ സമുദായത്തിനു മാത്രമല്ല, പിന്നാക്ക സമുദായങ്ങൾക്കാകെ അഭിമാനം പകരുന്നതായിരുന്നു. ശ്രീനാരായണ വനിതാ കോളേജ്, ശ്രീനാരായണ പോളിടെക്നിക്, ശ്രീനാരായണ ട്രെയിനിംഗ് കോളേജ് എന്നിവയും യാഥാർത്ഥ്യമാക്കി. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിനായി അദ്ദേഹം 1952 ആഗസ്റ്റ് 18ന് എസ്.എൻ ട്രസ്റ്റും രൂപീകരിച്ചു.
ദു:ഖകരമായ
ദുശ്ശീലം
എസ്.എൻ. ഡി.പി. യോഗത്തിൽ ഐക്യം നിലനിറുത്തണമെന്ന ആർ. ശങ്കറിന്റെ ആഹ്വാനം എതിരാളികൾ ചെവിക്കൊണ്ടിരുന്നില്ല. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനും യോഗത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാനുമാണ് എതിരാളികൾ ശ്രമിച്ചുകൊണ്ടിരുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നേതൃത്വത്തിന്റെ മനോവീര്യം കെടുത്തുകയെന്ന ദുശ്ശീലം മഹാകവി കുമാരനാശാന്റെ കാലത്തുതുടങ്ങി സംഘടനയ്ക്കൊപ്പം സഞ്ചരിക്കുന്ന മഹാമാരിയാണ്. സ്വാർത്ഥതാത്പര്യാർത്ഥം ഉരുത്തിരിയുന്ന ഇത്തരം എതിർപ്പുകളെ യോഗവും നേതാക്കളും എക്കാലവും അതിജീവിച്ചിട്ടുമുണ്ട്.
ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ പൂർത്തീകരണത്തിനും പ്രതിഷ്ഠാ ചടങ്ങുകൾക്കുമെല്ലാം നായകത്വം വഹിച്ചതും ശങ്കറാണ്.1972 നവംബർ 6ന് അവസാനിച്ച 63 വർഷത്തെ ജീവിതത്തിനിടെ കാലത്തിന് മായ്‌ക്കാനാവാത്ത സുവർണമുദ്റകൾ പതിപ്പിച്ച ആർ. ശങ്കർ എന്ന മഹാനുഭാവൻ എന്നും മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കും.