അഞ്ചു റോഡുകളിലും ഇടറോഡുകളിലും കർശന നിരീക്ഷണം
.
ആലപ്പുഴ: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയതോടെ ആലപ്പുഴ-കോട്ടയം ജില്ലകളുടെ അതിർത്തി പങ്കിടുന്ന അഞ്ച് റോഡുകൾ അടച്ചു. അതിർത്തിയിലെ ഇടറോഡുകളിലും ഊടുവഴികളിലും പരിശോധന ശക്തമാക്കി.
കുട്ടനാട്ടിലെ രാമങ്കരി, കൈനടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ രണ്ടു വീതവും മുഹമ്മ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഒരു റോഡുമാണ് അടച്ചത്. വാലടി, കുമരങ്കരി റോഡുകൾ പൂർണ്ണമായും അടയ്ക്കാൻ കഴിഞ്ഞ ദിവസം കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ കൊവിഡ് സ്ഥരീകരിച്ച ചരക്കു ലോറി ഡ്രൈവർ വില്ലനായതോടെ ആലപ്പുഴയിൽ ആശങ്ക ഉയരുകയായിരുന്നു. തുടർന്നാണ് മുഹമ്മ പൊലീസ് തണ്ണീർമുക്കം ബണ്ട് റോഡ്, കൈനടി പൊലീസ് കുറിച്ചി-കൈനടി-കാവാലം റോഡ്, തുരുത്തി-കൃഷ്ണപുരം-കാവാലം റോഡിൽ വാലടി ജംഗ്ഷൻ, രാമങ്കരി പൊലീസ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറ മനയ്ക്കൽ ചിറ, ചങ്ങനാശേരി മാർക്കറ്റിൽ നിന്ന് ആരംഭിച്ച് പറാൽ വഴിയുള്ള റോഡിൽ കുമരങ്കരി എന്നിവ അടച്ച് പരിശോധന കർശനമാക്കിയത്. എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തി പങ്കിടുന്ന ഏഴ് റോഡുകളിലും പരിശോധന ശക്തമാക്കി. എല്ലായിടത്തും ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ബ്ളോക്ക് ചെയ്ത് ഒരു ഓഫീസറുടെ മേൽനോട്ടത്തിൽ 10 അംഗ പൊലീസ് സംഘത്തിന്റെ മൂന്ന് ബാച്ചുകളാണ് പരിശോധന നടത്തുന്നത്.
കോട്ടയവുമായി അതിർത്തി പങ്കിടുന്ന മറ്റു റോഡുകളിലൂടെ കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ ഗതാഗതം അനുവദിക്കൂ. നിത്യോപയോഗ സാധനങ്ങളുടെ ചരക്കു നീക്കവും ചികിത്സാ സംബന്ധമായ യാത്രകളും മാത്രമേ അനുവദിക്കൂ. സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ആവശ്യത്തിനായി കോട്ടയം ജില്ലയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ജീവനക്കാർ ഇനി ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ താമസിക്കേണ്ടിവരും. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. കഴിഞ്ഞ
.........................................
# നിയന്ത്രണങ്ങൾ പൊളിയുന്നു
ജില്ലയിലെ നിരത്തുകളിൽ വാഹനത്തിരക്ക് വർദ്ധിച്ചു
അത്യാവശ്യക്കാരെക്കാൾ കൂടുതലുള്ളത് മറ്റുള്ളവർ
കൂടുതലും ഇരുചക്ര വാഹനങ്ങൾ
നിരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു
മാർക്കറ്റുകളിലും കടകളിലും നിയന്ത്രണങ്ങൾ തകരുന്നു
തിരക്ക് വർദ്ധിക്കുന്നത് രാവിലെയും വൈകിട്ടും
.........................................................
# അഞ്ചിനടച്ച് കടകൾ
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും വൈകിട്ട് അഞ്ചോടെ കടകൾ അടയ്ക്കുന്നുണ്ട്. പലചരക്ക്, ബേക്കറി, ഫാൻസി, മൊബൈൽ, ഇലക്ട്രോണിക്, സ്പെയർ പാർട്ട്സ് സ്ഥാപനങ്ങളും പഴം പച്ചക്കറി വില്പന ശാലകളുമാണ് തുറന്നത്. ഹോട്ടലുകൾ കൂടുതലും അടഞ്ഞു കിടക്കുകയായിരുന്നു.
..................................
കോട്ടയം ജില്ലയിൽ ജോലി ചെയ്യുന്നവരെ എല്ലാ ദിവസവും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ അനുവദിക്കില്ല. ഇവർ ഏതെങ്കിലും ഒരിടത്ത് താമസിക്കേണ്ടിവരും
(കളക്ടർ എം. അഞ്ജന)