ആലപ്പുഴ:തീവ്രപരിചരണ വിഭാഗത്തിലെ പുതിയ അറിവുകൾ ക്രോഡീകരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം തയ്യാറാക്കിയ 'തീവ്രപരിചരണ വിഭാഗം ചികിത്സാ മാർഗ്ഗരേഖ' (ഐ.സി.യു പ്രോട്ടോക്കോൾ) പുറത്തിറക്കി.
ലോകം കൊവിഡ് ഭീതിയിൽ അമരുമ്പോൾ ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും തീവ്രപരിചരണവിഭാഗത്തിലെ രോഗീപരിചരണത്തിന് ഏറെ ഉപകാരപ്രദമാണ് മാർഗ്ഗരേഖ. ഈ രംഗത്തെ ഏറ്റവും പുതിയ അറിവുകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏത് രോഗികൾക്കും സംഭവിച്ചേക്കാവുന്ന സെപ്‌സിസ്, ഷോക്ക്, എ.ആർ.ഡി.എസ്, അപസ്മാരം,വൃക്ക തകരാറുകൾ തുടങ്ങി ഇരുപതോളം സുപ്രധാന തീവ്രപരിചരണ വിഷയങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ജനറൽ മെഡിസിൻ വകുപ്പ് മേധാവി കൂടിയായ ഡോ.ടി.ഡി.ഉണ്ണിക്കൃഷ്ണൻ കർത്തയാണ് ചീഫ് എഡിറ്റർ. തങ്ങളുടെ ഗുരുനാഥന്റെ വിരമിക്കൽ വേളയിൽ ഇങ്ങനെയൊരു പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശിഷ്യരും വകുപ്പിലെ മറ്റ് ഡോക്ടർമാരും.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി.രാംലാലിന് പകർപ്പ് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ശാരീരിക അകലം പാലിച്ച് പതിനഞ്ചോളം പേർ മാത്രം പങ്കെടുത്ത ചെറു ചടങ്ങിലായിരുന്നു പ്രകാശനം.