ഉഴുത് മണ്ണിനോടു ചേർക്കണം
ആലപ്പുഴ: കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് പരിസ്ഥിതി മലിനീകരണത്തോടൊപ്പം മണ്ണിലെ വളക്കൂറ് ഇല്ലാതാക്കി വിളവ് കുറയ്ക്കുമെന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം നടത്തിയ പഠന റിപ്പോർട്ട്. പാലക്കാട്ടും ആലപ്പുഴയിലുമാണ് കർഷകർ പാടത്തിട്ട് വൈക്കോൽ കത്തിക്കുന്നത്. ഇങ്ങനെ കത്തിക്കുന്നതിലൂടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജനും ഫോസ്ഫറസും പൂർണ്ണമായും മറ്റ് സൂക്ഷ്മമൂലകങ്ങൾ ഭാഗികമായും ഇല്ലാതാകും. ഇത് വിളവ് കുറയാൻ കാരണമാകും. രണ്ടാം കൃഷിക്ക് തയ്യാറെടുക്കുന്ന കർഷകർ പാടത്ത് വൈക്കോൽ കത്തിക്കരുതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൊയ്ത്തിന് ശേഷം വെള്ളം കയറ്റി വൈക്കോൽ അഴുക്കിയാൽ മീഥൈൻ വാതകം ഉത്പാദിപ്പിക്കപ്പെട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കും. അഴുകിയ ജലം പുറത്തേക്ക് ഒഴുക്കിയാൽ പൊതുജലാശയങ്ങളും മലിനമാകും. ത്വക്ക് രോഗങ്ങൾക്കും കാരണമാവും. കീടനാശിനി പ്രയോഗത്തിന്റെ ശേഷിപ്പുകൾ ഉള്ള വൈക്കോൽ കത്തിക്കുമ്പോൾ ആ വിധത്തിൽ അന്തരീക്ഷം മലിനമാകും. കാർബൺ അന്തരീക്ഷത്തിൽ ചേരുകയും ചെയ്യും.
# മണ്ണിനോടു ചേരട്ടെ
വൈക്കോൽ കത്തിക്കുന്നതിനു പകരം ഏക്കറിന് 20 കിലോ എന്ന നിലയിൽ യൂറിയ വിതറിയ ശേഷം നേരിയ ഈർപ്പത്തോടെ ചെറിയ ആഴത്തിൽ ഉഴുതുമറിക്കണം. രണ്ടാഴ്ചക്കുള്ളിൽ പൂർണ്ണമായും അഴുകി സൂക്ഷ്മ മൂലകങ്ങൾ മണ്ണിൽ ചേർന്ന് വളക്കൂറ് വർദ്ധിക്കും. ആഴത്തിൽ ഉഴുതാൽ വരിനെല്ലും മണ്ണിലെ അമ്ളവും ഉപരിതലത്തിലെത്തി വിളവ് കുറയ്ക്കും.
# വൈക്കോൽ അഴുകിയാൽ നേട്ടം (ഏക്കറിൽ- കി.ഗ്രാം)
നൈട്രജൻ-15 ഫോസ്ഫറസ്-2 പൊട്ടാസ്യം-30 സിലിക്കൺ-90
.............................................
വൈക്കോൽ കത്തിച്ചാൽ വിളവും മണ്ണിലെ വളക്കൂറും കുറയും. കൃഷിച്ചെലവ് വർദ്ധിക്കും. പരിസ്ഥിതി സംരക്ഷിച്ചുള്ള കൃഷിക്ക് മുൻതൂക്കം നൽകണം
(ബി.സ്മിത, എ.ഡി.എ, കീടനിരീക്ഷണ കേന്ദ്രം, മങ്കോമ്പ്)