അമ്പലപ്പുഴ: മലിന ജലം റോഡിലൊഴുക്കിയതിന്, മത്സ്യവുമായെത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.ആന്ധ്രപ്രദേശിൽ നിന്നും മത്സ്യവുമായെത്തിയ വാഹനമാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ വൈകിട്ടോടെ പുന്നപ്ര പവർഹൗസിന് തെക്കുഭാഗത്ത് മാർത്തോമ പളളിക്കു സമീപമായിരുന്നു സംഭവം. പത്തനാപുരം കുന്നത്ത് സ്വദേശിക്ക് മത്സ്യവുമായി വന്ന വാഹനം പുന്നപ്രയിൽ നിർത്തി മറ്റൊരു വാഹനത്തിലേക്ക് മത്സ്യം പകരുകയായിരുന്നു. അന്യസംസ്ഥാന വാഹനങ്ങൾ പത്തനാപുരത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് മത്സ്യം മറ്റൊരു വാഹനത്തിൽ പകർത്തിയത്. വാഹനത്തിലെ ടാങ്കിൽ ഉണ്ടായിരുന്ന മലിനജലം ദേശീയ പാതയോരത്ത് ഒഴുക്കിയതോടെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പുന്നപ്ര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്തുള്ള 2 ഹോട്ടലുകൾക്കു സമീപമാണ് മലിനജലം ഒഴുക്കിയത്.പുന്നപ്ര എസ്.എച്ച്.ഒ വി.പ്രസാദ്, എ.എസ്.ഐ സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുത്തു.സംഭവം അറിഞ്ഞ് വാർത്ത ശേഖരിക്കാനെത്തിയ ചാനൽ ലേഖകനെതിരെ തൊഴിലാളികൾ അസഭ്യവർഷം നടത്തി.