വള്ളികുന്നം: തന്നെ വധിക്കാനാണ് ശ്രമം നടന്നതെന്ന് വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ മൊഴി നൽകിയെന്ന് വള്ളികുന്നം സി.ഐ ഗോപകുമാർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാലിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സുഹൈൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേമപെൻഷൻ വിതരണത്തിനെതിരെ അഷറഫ് ചൂനാട് എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റുകളാണ് ആക്രമണത്തിൽ കലാശിച്ചത്. ഈ പേജിനു പിന്നിലുള്ളയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടു പ്രതികൾ റിമാൻഡിലാണ്, നാലുപേർ ഒളിവിലും.