പൂച്ചാക്കൽ: തൈക്കാട്ടുശേരി നന്ദനം വീട്ടിലെ ഗൃഹനാഥ ബോബിയും മക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പഠിക്കുകയാണ്. ലോക്ക് ഡൗൺ അലസത മൂലം 'ടച്ച്' വിട്ടുപോവാതിരിക്കാൻ മൂവരും ചേർന്ന് പഠിക്കുമ്പോൾ ഗൃഹനാഥൻ സന്തോഷ് മൂവർക്കും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളുമായി ഒപ്പമുണ്ട്.
കേരള യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് ഡിഗ്രി വിദ്യാർത്ഥിനിയാണ് ബോബി. മകൻ ജസ്വന്ത് ബംഗളുരു അലയൻസ് യൂണിവേഴ്സിറ്റിയിൽ ബി.ബി.എ,എൽ.എൽ.ബി വിദ്യാർത്ഥിയാണ്. മകൾ അമിയ എറണാകുളം പുത്തൻകുരിശ് ഡോൺ ഇന്റർനാഷണൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയും. അച്ഛൻ വി.എൻ.ബാബുവിന്റെയും ഭർത്താവ് സന്തോഷിന്റേയും ബിസിനസ് കാര്യങ്ങളിൽ സജീവമായ സാന്നിദ്ധ്യമായ ബോബി, അമ്മ ശാന്തമ്മയുടെ നിർദ്ദേശമനുസരിച്ചാണ് പാതിവഴിയിൽ മുടങ്ങിയ പഠനം തുടരുന്നത്.
സ്കൂൾ പഠനകാലം മുതൽ സഹോദരൻ ബോബനൊപ്പം അച്ഛന്റെ ബസിനസ് സ്ഥാപനങ്ങൾ സന്ദർശിക്കുമായിരുന്നു. ബോബന്റെ വേർപാടിനു ശേഷം അച്ഛനു കൈത്താങ്ങായതും ബോബിയായിരുന്നു. കഞ്ഞിക്കുഴിയിലെ ഹോട്ടലിന്റെ മേൽനോട്ടം ബോബിക്കാണ്. വിവാഹത്തോടെയാണ് പഠനം മുടങ്ങിയത്. പ്രൊഫഷണൽ ശൈലിയിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ബിസിനസ് മാനേജ്മെന്റ് പഠനം അനിവാര്യമാണെന്ന വിശ്വാസത്തിലാണ് ബോബി. പഠന കാര്യത്തിൽ ഭാര്യയ്ക്കും മക്കൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സന്തോഷ്.