 വീട്ടമ്മ കാൻസർ രോഗി

മാവേലിക്കര: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കാൻസർ രോഗിയായ വീട്ടമ്മയ്ക്കും ഭർത്താവിനും സംരക്ഷണം ആവശ്യപ്പെട്ട് ഹ്യൂമൻ റ്റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ഡോ.ജി.സാമുവേൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി.

മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് 10-ാം വാർഡിൽ താമസിക്കുന്ന സ്മിത ജോർജും ഭർത്താവുമാണ് ദുരിതം അനുഭവിക്കുന്നത്. സ്മിതയ്ക്ക് തിരുവനന്തപുരം ആർ.സി.സിയിൽ റേഡിയേഷൻ ചികിത്സ നടത്തിയ ശേഷം വീട്ടിലെത്തിയ ഇവർ 8 ദിവസമായി വീട്ടിൽ നിരീക്ഷണത്തിലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ റേഡിയേഷന് ശേഷം ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. മാവേലിക്കര തഹസിൽദാരോട് സഹായം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭരണിക്കാവ് പഞ്ചായത്ത് സെക്രട്ടിയെ ചുമതലപ്പെടുത്തിയെങ്കിലും ഫോണിലൂടെ ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഇവർക്ക് ആവശ്യമായ സഹായം നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.