വീട്ടിലിരുന്ന് ജോലി ചെയ്ത് മെഡിക്കൽ റെപ്പുമാരും
ആലപ്പുഴ: ജോലി ദിവസങ്ങളിലെ 95 ശതമാനം നേരവും യാത്രയ്ക്കു വേണ്ടി ചെലവഴിച്ചിരുന്ന മെഡിക്കൽ റെപ്പുമാരുടെ 'കടയ്ക്കൽ കത്തിവയ്ക്കും പോലെ'യാണ് ലോക്ക്ഡൗൺ വന്നുപതിച്ചത്. യാത്രയില്ലെങ്കിൽ ജോലിയുണ്ടാവുമോ എന്ന് ആശങ്കപ്പെട്ടിരുന്ന റെപ്പുമാർക്ക് പിടിപ്പത് പണി കൊടുത്തിരിക്കുകയാണ് കമ്പനികൾ.
ഫീൽഡിൽ നിന്നു ടെലിമാർക്കറ്റിലേക്കാണ് മാറ്റം. ദിവസം നാല് മണിക്കൂറെങ്കിലും ഓൺലൈനിലായിരിക്കും. രാവിലെ ഒരു മണിക്കൂർ നീളുന്ന ട്രെയിനിംഗ്, സെയിൽസ് പ്ലാൻ തയ്യാറാക്കൽ, ലോക്ക് ഡൗണിനു ശേഷമുള്ള വർക്ക് പ്ലാൻ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയാണ് പൂർത്തീകരിക്കാനുള്ളത്. മരുന്ന് കമ്പനികളുടെ നിലവാരമനുസരിച്ച് ജീവനക്കാർക്ക് ലഭിക്കുന്ന വർക്ക് ഫ്രം ഹോം നിർദ്ദേശങ്ങളിൽ മാറ്റം വരും. അന്താരാഷ്ട്ര കമ്പനികൾ തൊഴിലിൽ വളരാനുള്ള മാർഗനിർദേശങ്ങളും പരിശീലനവുമാണ് മുഖ്യമായും നൽകുന്നത്. തദ്ദേശീയ കമ്പനികളാവട്ടെ, ശമ്പളം നൽകുന്നതിനാൽ വെറുതെയിരിക്കേണ്ട എന്ന മട്ടിൽ ഓഫീസ് ജോലികളും റെപ്പുമാരെ ഏൽപ്പിക്കുന്നു.
ദിവസം 10-20 ഡോക്ടർമാരെയും സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, മരുന്നുകടകൾ എന്നിവിടങ്ങളും സന്ദർശിച്ച് നടത്തിയിരുന്ന മാർക്കറ്റിംഗ് ഇപ്പോൾ വാട്സാപ്പ് വഴിയാണ് നിലനിറുത്തുന്നത്. രോഗികളില്ലാത്തതിനാൽ മാർക്കറ്റിംഗും പേരിനുമാത്രമായി. ലോക്ക് ഡൗണിനു രണ്ടാഴ്ച്ച മുമ്പ് തന്നെ പല കമ്പനികളും വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവദിച്ചിരുന്നു. ലഭിക്കുന്ന ഓർഡറുകൾ കൊറിയർ വഴി എത്തിക്കും. നീളുന്ന യാത്രകളും ഡോക്ടർമാരുടെ മുറിക്കു പുറത്തുള്ള കാത്തിരിപ്പുമെല്ലാം ഫോണിലേക്ക് ചുരുങ്ങിയെന്നതാണ് മാറ്റം. മാർക്കറ്റിംഗ് ഇടിഞ്ഞതോടെ സാമ്പത്തിക വർഷത്തിൽ ആദ്യ ക്വാർട്ടറിലെ ഇൻസന്റീവും ജീവനക്കാർക്ക് നഷ്ടമാകും.
..................
ലോക്ക്ഡൗണും റെപ്പുമാരും
നിയന്ത്രണം മൂലം 'രോഗി'കളുടെ എണ്ണം കുറഞ്ഞു
മെഡിക്കൽ സ്റ്റോറുകളിൽ കച്ചവടം കുറഞ്ഞു
ശമ്പളം കൂടാതെയുള്ള നേട്ടം അലവൻസും ഇൻസെന്റീവും
ടാർജറ്റ് തികയ്ക്കാൻ സാധിക്കില്ലെന്നുറപ്പ്
ഈ സാമ്പത്തിക വർഷമാദ്യം കിട്ടേണ്ട ഇസെന്റീവ് നഷ്ടപ്പെടും
വർക്ക് ഫ്രം ഹോം ആരംഭിച്ചത് മാർച്ച് 15ന്
.........................................
150 - 200 കി.മി: ഒരു മെഡിക്കൽ റെപ്പിന്റെ പ്രതിദിന യാത്ര
......................................
# മരുന്നുവാങ്ങാൻ ആളില്ല
നിലവിൽ സംസ്ഥാനത്ത് മരുന്നു വില്പന ഗണ്യമായി ഇടിഞ്ഞു. ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകൾക്ക് മാത്രമാണ് ആവശ്യക്കാരുള്ളതെന്ന് ഫാർമസിസ്റ്റുകൾ പറയുന്നു. ആന്റിബയോട്ടിക്കുകൾ, നേത്രരോഗ- ത്വക്ക് രോഗ മരുന്നുകൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കുറഞ്ഞത്.
.........................................
ഓൺലൈനിൽ
പരിശീലനം, സെയിൽസ് പ്ലാൻ, പ്രൊഡക്ട് പരിചയപ്പെടൽ, വർക്ക് പ്ലാൻ, മാർക്കറ്റിംഗ് സാദ്ധ്യതകളുടെ പരിശോധന, ഗ്രൂപ്പ് ഡിസ്കഷനുകൾ
.............................................
ഫീൽഡിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള പരിശീലനം ഓൺലൈനിൽ ലഭിക്കുന്നുണ്ട്. മരുന്നുകളെക്കുറിച്ച് വിശദമായ ക്ലാസുകളും ലഭിക്കുന്നു. ലോക്ക് ഡൗൺ കാലം ഇത്തരത്തിൽ ഫലപ്രദമാവുന്നുമുണ്ട്. രോഗികളില്ലാത്തതിനാൽ മാർക്കറ്റിംഗ് നടക്കുന്നില്ല. യാത്ര ഒഴിവായെങ്കിലും ജോലി പൂർണമായി ഓൺലൈനിൽ തുടരുന്നു
(ശരത്ചന്ദ്രൻ, സി.കെ.ബാലു, മെഡിക്കൽ റെപ്രസന്റേറ്റീവുമാർ)