അമ്പലപ്പുഴ: കാസർകോട് മെഡിക്കൽ കോളേജിൽ കൊവിഡ് 19 ചികിത്സയ്ക്ക് നേതൃത്വം നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരടക്കം 25 അംഗസംഘം യാത്ര തിരിച്ചു. 10 ഡോക്ടർമാർ, 10 നഴ്സുമാർ ,5 അസി. നഴ്സുമാർ എന്നിവരാണ് സംഘത്തിലുള്ളത്.15 ദിവസത്തെ സേവനത്തിനു ശേഷം ഇവർ മടങ്ങി വരും.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് 25 അംഗ സംഘം കാസർകോട്ടേയ്ക്ക് പോകുന്നത്.
കാർഡിയോളജി വിഭാഗം അസി.പ്രൊഫ. ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 10.30 ഓടെ കെ.എസ്.ആർ.ടി.സിയുടെ ഗരുഡയിലാണ് തിരിച്ചത്. എ.എം.ആരിഫ് എം.പി ബസിന്റെ ഫ്ളാഗ് ഒഫ് നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പലും, ടെലി മെഡിസിൻ മേധാവിയുമായ ഡോ. സൈറു ഫിലിപ്പ്, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, കൊകോവിഡ് 19 നോഡൽ ഓഫീസർ ഡോ. ജൂബി ജോൺ(ആലപ്പുഴ മെഡിക്കൽ കോളേജ്), ഡോ.സജ്ജാദ്, എച്ച്.സലാം തുടങ്ങിയവർ പങ്കെടുത്തു.