 ഇന്ന് ഡോക്‌സിഡേ ദിനാചരണം

 പ്രതിരോധ ഗുളിക കഴിക്കണം

ആലപ്പുഴ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡോക്‌സിഡേ ആചരിക്കും. എലിപ്പനി പ്രതിരോധത്തിനുളള ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കിണറുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കുന്നവർ, പുല്ലുചെത്തുന്നവർ, പാടത്തും പറമ്പിലും പണിയെടുക്കുന്നവർ, ദീർഘനാളായി ഉപയോഗിക്കാതെ കിടക്കുന്ന മുറികളും ഗോഡൗണുകളും വൃത്തിയാക്കുന്നവർ, കുളങ്ങളിലും തോട്ടിലും മറ്റും മീൻപിടിക്കുന്നവർ, ഓടകളും കനാലുകളും വൃത്തിയാക്കുന്നവർ തുടങ്ങിയവർ ആഴ്ചയിൽ ഒരു ഡോസ് എന്ന നിലയിൽ ആറാഴ്ച ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം. എലിപ്പനിക്കുളള ചികിത്സയും പ്രതിരോധ ഗുളികയും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

ഏതു പനിയും എലിപ്പനിയാകാം. അതിനാൽ പനി വന്നാലുടൻ ആശുപത്രിയിൽ ചികിത്സ തേടണം. കൈകാലുകളിൽ മുറിവുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

ശ്രദ്ധിക്കേണ്ടവ

 മലിനജലവുമായി സമ്പർക്കം പുലർത്തുന്നവർ  കുട്ടികളെ കുളത്തിലും തോട്ടിലും മീൻ പിടിക്കാൻ അനുവദിക്കരുത്  ശുദ്ധജലത്തിൽ മാത്രം കുളിക്കുക  മലിനജല സമ്പർക്കത്തിനു ശേഷം പനി വന്നാൽ ചികിത്സ തേടണം  ശരീരവേദന, തലവേദന, കണ്ണിന് ചുമപ്പ്, മൂത്രത്തിനു മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛർദ്ദി ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രി ഡോക്ടറുടെ സേവനം തേടണം  പനി വന്നാൽ സ്വയം ചികിത്സിക്കാതിരിക്കുക

.....................................

 ഈ മാസം എലിപ്പനി ബാധിച്ചവർ: 8

 വർഷം ഇതുവരെ എണ്ണം: 30

 എലിപ്പനി മരണം: 1

 ഡെങ്കിപ്പനി ഈ മാസം: 2

 വർഷം ഇതുവരെ: 35