അമ്പലപ്പുഴ : ലോക്ക് ഡൗണിൽ വറുതിയുടെ പിടിയിലായ തീരദേശത്തിന് ആശ്വാസമായി ചെമ്മീന്റെ വരവ്. ഇപ്പോൾ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന ചെറിയ വള്ളങ്ങൾക്കാണ് കുറഞ്ഞ തോതിൽ കഴന്തൻ ചെമ്മീനും, കരിക്കാടി ചെമ്മീനും ലഭിക്കുന്നത്. തീരത്തെത്തിക്കുന്ന മീൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് വില നിശ്ചയിച്ച് കച്ചവടക്കാർക്ക് വിൽക്കുന്നത്.
തോട്ടപ്പള്ളി മത്സ്വബന്ധന തുറമുഖം, നീർക്കുന്നം കളപ്പുരയ്ക്കൽ തീരം എന്നിവിടങ്ങളിൽ നിന്നും പോകുന്ന വള്ളങ്ങൾക്കാണ് ചെമ്മീൻ ലഭിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് നീർക്കുന്നം കളപ്പുരയ്ക്കൽ തീരത്ത് വള്ളങ്ങൾ അടുപ്പിയ്ക്കുന്നതിനുള്ള അനുമതി ലഭിച്ചത്.ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒൻപത് പേർ അടങ്ങുന്ന പ്രാദേശിക കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ മീൻവില്പനയും തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നൂറിന് മുകളിൽ വള്ളങ്ങൾ അടുത്തു.
വില ഇന്നലെ
കഴന്തൻ ചെമ്മീൻ: കിലോയ്ക്ക് 255 രൂപ
കരിക്കാടി ചെമ്മീൻ: കിലോയ്ക്ക് 115 രൂപ
ടോക്കൺ നൽകി കച്ചവടം
കച്ചവടക്കാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ടോക്കൺ നൽകിയാണ് വള്ളങ്ങൾ അടുത്ത നീർക്കുന്നം കളപ്പുരയ്ക്കൽ തീരത്തേയ്ക്ക് കടത്തിവിട്ടത്.പത്തോളം കച്ചവടക്കാർ മീനെടുക്കാൻ എത്തിയിരുന്നു.