ആലപ്പുഴ:കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ ഭാരതീയ ചികിത്സാവകുപ്പ് നാഷണൽ ആയുഷ് മിഷനുമായി ചേർന്ന് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 79 ആയുർരക്ഷ ക്ലിനിക്കുകൾ തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

60 വയസിനു താഴെയുള്ളവർക്കു ലഘു വ്യായാമ മുറകളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള 'സ്വാസ്ഥ്യം' ഒ.പിയും 60 വയസിനു മുകളിലുള്ള വർക്കായി 'സുഖായുഷ്യം' ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്.ആയുർരക്ഷാക്ലിനിക്കുകളുടെ സുഗമമായ നടത്തിപ്പിനായി ഓരോ സ്ഥാപനങ്ങളിലും ആയുർരക്ഷാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. കൊവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകൃത സ്വഭാവത്തോടുകൂടി ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിപുലപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ഷീബ അറിയിച്ചു.