ആലപ്പുഴ : ഗൗതമിന്റെ കുഞ്ഞു സ്വപ്നങ്ങളിലേക്ക് കടന്നുവരാറുള്ളതിലേറെയും വിവിധ ഇനം വാഹനങ്ങളാണ്. ഇവ വാങ്ങുകയല്ല, മറിച്ച് സ്വന്തമായി നിർമ്മിക്കാനാണ് ഈ ഏഴാംക്ലാസ് വിദ്യാർത്ഥിക്ക് ഇഷ്ടം.
കാർഡ്ബോർഡും പൈപ്പുകളും ചെറിയ പ്ളാസ്റ്രിക് ട്യൂബും സിറിഞ്ചുകളും ഉപയോഗിച്ച് ഗൗതം നിർമ്മിച്ച ജെ.സി.ബി പ്രവർത്തിക്കുന്നതു കണ്ടാൽ ഒറിജിനലിനെയും വെല്ലും. നിലത്ത് കൂട്ടിയിട്ട മണൽ കുഞ്ഞു ജെ.സി.ബി കൈകൾ നീട്ടി കോരിയെടുത്ത് മറ്റൊരു സ്ഥലത്ത് ഇടുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയാണ്.ആരുടെയും ഉപദേശമോ നിർദ്ദേശമോ ഈ നിർമ്മാണത്തിന് പിന്നിലില്ല. യൂ ട്യൂബിൽ നിന്നാണ് ജെ.സി.ബി യുടെ പ്രവർത്തന തത്വങ്ങൾ മനസിലാക്കിയത്. അതിനൊപ്പം സ്വന്തം ഭാവനയും ചേർത്തു. കാർഡ്ബോർഡും എട്ട് സിറിഞ്ചുകളും പ്ളാസ്റ്രിക് ട്യൂബുമെല്ലാം അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചു.
നിലത്തുറച്ചു നിൽക്കുന്ന ജെ.സി.ബി ഗൗതമിന്റെ വിരലുകൾ ചലിക്കുന്നതിനനുസരണമായി ഏതുവശത്തേക്കും തിരിയും.കൈകൾ നീട്ടി എന്തു സാധനവും കോരിയെടുക്കും.വലിപ്പത്തിൽ കുഞ്ഞനെങ്കിലും പ്രവർത്തനമെല്ലാം യഥാർത്ഥ ജെ.സി.ബി പോലെ.
തീരപ്രദേശമായ അഴീക്കൽ പണ്ടകശാലയിൽ വീട്ടിൽ മത്സ്യത്തൊഴിലാളിായയ സുനിലിന്റെയും സുധിമോളുടെയും മകനാണ് ഓച്ചിറ പ്രയാർ ആർ.വി.എസ്.എം. എച്ച് .എസ്.എസ് വിദ്യാർത്ഥിയായ ഗൗതം. കഴിഞ്ഞ വർഷം സ്കൂളിലേക്ക് എന്തെങ്കിലും മോഡൽ ഉണ്ടാക്കികൊണ്ടു ചെല്ലാൻ നിർദ്ദേശിച്ചപ്പോൾ, ഗൗതം നിർമ്മിച്ചത് ഒരു ഫിഷിംഗ് ബോട്ടിന്റെ മാതൃകയാണ്. മകന്റെ താത്പര്യം മനസിലാക്കി എന്തെങ്കിലും ഉപദേശം നൽകാനൊന്നും തനിക്കാവുന്നില്ലെന്ന് സുനിൽ പറഞ്ഞു. എന്നാൽ ആവശ്യപ്പെടുന്ന സാധനങ്ങൾ വാങ്ങിക്കൊടുക്കും. .മോട്ടോർ വാഹനങ്ങളുടെ നിർമ്മാണ ലോകത്തേക്ക് എത്തണമെന്നതാണ് ഗൗതമിന്റെ മനസിലെ ആഗ്രഹം. മൂന്നാം ക്ളാസ് വിദ്യാർത്ഥി ഗണിയാണ് സഹോദരൻ.
സിറിഞ്ചും പ്ളാസ്റ്റിക് ട്യൂബും
പ്രത്യേകം സജ്ജമാക്കിയ ബോർഡിൽ ഘടിപ്പിച്ചിട്ടുള്ള സിറിഞ്ചുകൾ ഉപയോഗിച്ചാണ് ജെ.സി.ബിയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നത് .ജെ.സി.ബിയുടെ ചലിക്കുന്ന ഭാഗങ്ങളെയെല്ലാം പ്ളാസ്റ്രിക് ട്യൂബ് ഉപയോഗിച്ച് സിറിഞ്ചുകളുമായി ബന്ധിപ്പിച്ചു. ട്യൂബുകൾക്കുള്ളിൽ വെള്ളം നിറച്ചിട്ടുണ്ട്. സിറിഞ്ചുകൊണ്ട് ഈ വെള്ളത്തെ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് ഉണ്ടാക്കുന്ന ശക്തിയാണ് ജെ.സി.ബിയെ പ്രവർത്തിപ്പിക്കുന്നത്.