ആലപ്പുഴ:കൃഷി ജീവിത ശൈലിയാക്കണമെന്ന ഓർമ്മപ്പെടുത്തലാണ് കൊവിഡ് കാലം നമുക്ക് നൽകുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

ജില്ലയിലെ കാർഷിക,കന്നുകാലി വളർത്തൽ മേഖലയെ ലക്ഷ്യമാക്കി സി.പി.ഐ ജില്ലാ കൗൺസിൽ ആരംഭിച്ച ജൈവസംയോജിത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയിൽ ഓരോ രാജ്യവും സ്വയംപര്യാപ്തമാകേണ്ടത് അനിവാര്യമാണ്. ധാന്യങ്ങളും മ​റ്റ് കാർഷിക ഉൽപ്പന്നങ്ങളും കയ​റ്റുമതി ചെയ്യാതെ കൊവിഡ് കാലത്ത് പല രാജ്യങ്ങളും സ്വന്തമായി ഉപയോഗിക്കുകയാണ്. നമ്മളും ഇത്തരത്തിൽ സ്വയംപര്യാപ്തമായില്ലെങ്കിൽ പട്ടിണിയായിരിക്കും ഫലം. കാർഷിക മേഖലയിലേയ്ക്ക് യുവാക്കളുടെ ശ്രദ്ധ തിരിച്ചുവിടേണ്ടത് അനിവാര്യമാണെന്നും കാനം അഭിപ്രായപ്പെട്ടു.
ഹരിപ്പാട് മണ്ഡലത്തിലെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്റട്ടറി ടി.ജെ.ആഞ്ചലോസ് നിർവ്വഹിച്ചു.പി.ബി.സുഗതൻ,ഡി.അനീഷ്,അഡ്വ ജി.വിശ്വമോഹൻ എന്നിവർ പങ്കെടുത്തു.ആലപ്പുഴ മണ്ഡലത്തിലെ ഉത്ഘാടനം സിനിമാ നടൻ അനൂപ് ചന്ദ്രൻ നിർവ്വഹിച്ചു.ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണപ്രസാദ്,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ,മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ,ആർ.സുരേഷ്,ഡി.പി.മധു എന്നിവർ പങ്കെടുത്തു.അമ്പലപ്പുഴ മണ്ഡലത്തിലെ ഉത്ഘാടനം ഡോ കെ.ജി.പത്മകുമാർ നിർവ്വഹിച്ചു.ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശൻ,അഡ്വ വി.മോഹൻദാസ്,ഈ.കെ.ജയൻ,കെ.എം.ജുനൈദ്എന്നിവർ പങ്കെടുത്തു.