കായംകുളം: വധശ്രമക്കേസുകളിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ തോക്കുമായി സി. ഐ രാത്രി വീട് റെയ്ഡ് ചെയ്തതോടെ കായംകുളത്തെ പൊലീസും ഡി.വൈ. എഫ്. ഐയുമായുള്ള വൈരം പുതിയ തലത്തിലേയ്ക്ക്. ഇന്നലെ ഡി.വൈ.എഫ്.ഐ കായംകുളം ബ്ളോക്ക് സെക്രട്ടറി റഫീക്ക് ജില്ലാ കളക്ടർക്കും ഡി.ജി.പിക്കും സി. ഐ ഗോപകുമാറിനെതിരെ പരാതി നൽകി.
27 ന് വൈകിട്ട് ലീവെടുത്ത സി.ഐ അയൽ ജില്ലയായ കോട്ടയത്തുള്ള വീട്ടിലേയ്ക്ക് പോയെന്നും യാത്രയ്ക്ക് അനുമതി തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടന്നാണ് ജില്ലാ പൊലീസ് ചീഫിന് ലഭിച്ച റിപ്പോർട്ടെന്നാണ് വിവരം.
വധശ്രമകേസുകൾ ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് സാജിദിന്റെ ഒന്നാം കുറ്റിയിലെ വാടക വീട്ടിലാണ് 25 ന് രാത്രി സി.ഐ എത്തിയത്. തോക്കുമായി വന്ന സി.ഐ മുഖാവരണം ധരിച്ചിരുന്നില്ലെന്നുമാണ് പരാതി നൽകിയത്. എന്നാൽ കൊടും ക്രിമിനലിനെ പിടിക്കാൻ തോക്കുമായി രാത്രി പോയതിൽ തെറ്റില്ലെന്നാണ് ജില്ലാ പൊലീസ് ചീഫിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് ഡിവൈ.എസ്.പി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹെൽമറ്റ് വയ്ക്കാതെ ബൈക്കിലെത്തിയ കായംകുളം നഗരസഭ ചെയർമാനും സി.പി.എം നേതാവുമായ എൻ.ശിവദാസനോട് പെറ്റി അടയ്ക്കാൻ പറഞ്ഞ സി.ഐയുടെ നടപടി വാർത്തയായിരുന്നു. ഇതോടെയാണ് സി.ഐ പലരുടെയും കണ്ണിലെ കരടായതത്രെ. കഴിഞ്ഞ ദിവസങ്ങളിൽ സി.ഐയുടെ നേതൃത്വത്തിൽ സസ്യ മാർക്കറ്റിൽ വാഹനങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതിനും മറ്റും നടത്തിയ നടപടികളും ചിലർക്ക് അതൃപ്തിയ്ക്ക് കാരണമായെന്ന് റിപ്പോർട്ടുണ്ട്.