മണൽകടത്ത് സംഘമുൾപ്പെടെ കുടുങ്ങി
ആലപ്പുഴ: ആലപ്പുഴ-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ അടച്ച അഞ്ച് റോഡുകളിലും ഇടറോഡുകളിലും ഊടുവഴികളിലും പരിശോധന ശക്തമാക്കി. ഓരോകേന്ദ്രത്തിലും ബാരിക്കേഡ് ഉപയോഗിച്ച് റോഡ് ബ്‌ളോക്ക് ചെയ്ത് ഒരു ഓഫീസറുടെ മേൽനോട്ടത്തിൽ 10 അംഗ പൊലീസ് സംഘത്തിന്റെ മൂന്ന് ബാച്ചുകളാണ് പരിശോധിക്കുന്നത്.
മണൽ കടത്ത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ആരോഗ്യ പ്രവർത്തകരെയും നിത്യോപയോഗ സാധനങ്ങളുടെ ചരക്കു നീക്കവും അനുമതി പാസുള്ളവരെയും ചികിത്സാ സംബന്ധമായ യാത്രകളും മാത്രമേ അനുവദിച്ചുള്ളു. കഴിഞ്ഞ രണ്ട് ദിവസം ബോധവത്കരണം നൽകി വിട്ടയച്ചെങ്കിലും മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നതിനാൽ നിരവധി കേസുകളെടുത്തു. ഇന്നു മുതൽ മാസ്ക് ധരിക്കാതെ യാത്ര ചെയ്താൽ 200 രൂപ പിഴയീടാക്കും. ആവർത്തിച്ചാൽ 5000 രൂപ ഈടാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുള്ളത്.
ആലപ്പുഴ നഗരത്തിലെ കാണകളിൽ നിന്ന് നീക്കം ചെയ്ത മാലിന്യം നഗരചത്വരത്തിൽ കുഴിച്ചു മൂടി. ജനകീയ ഹോട്ടലിനായി കഴിഞ്ഞ ദിവസം നഗരചത്വരത്തിൽ വൃത്തിയാക്കിയ ഭാഗത്ത് വലിയ കുഴിയെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുകയായിരുന്നു. നഗരത്തിൽ സാമൂഹിക അകലം പാലിച്ച് പലചരക്ക് പഴം പച്ചക്കറിക്കടകൾ പ്രവർത്തിച്ചു. 40 ദിവസമായി അടഞ്ഞു കിടക്കുന്ന സ്വർണ്ണക്കട പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
222 കേസ്, 256 അറസ്റ്റ്
ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 222 കേസുകൾ രജിസ്റ്റർ ചെയ്തു. 256 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം അറസ്റ്റിലായി. അനധികൃതമായ മണൽ കടത്തിയത് ഉൾപ്പെടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 99 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 1,42,000 രൂപ പിഴ ഈടാക്കി.