നെല്ല് സംഭരണം അവസാന ഘട്ടത്തിൽ
ആലപ്പുഴ: മഴ വഴിമുടക്കുമെന്ന് ആശങ്കപ്പെട്ടെങ്കിലും കുട്ടനാട്ടിൽ കൊയ്ത്ത് ഒരുവിധം കരയെത്തി.കായൽ നിലങ്ങളിലടക്കം ഒരാഴ്ചയ്ക്കുള്ളിൽ കൊയ്ത്ത് പൂർത്തിയാവും. അപ്പർ കുട്ടനാട്, കൈനകരി, ചമ്പക്കുളം മേഖലകളിലാണ് ഇനി കുറച്ച് കൊയ്ത്ത് ബാക്കിയുള്ളത് .ശേഷിക്കുന്നത് കുറെ കരനിലങ്ങൾ മാത്രം.
ആകെ നെൽ കൃഷിയുണ്ടായിരുന്ന 28,660 ഹെക്ടറിൽ 26,149 ഹെക്ടറും കൊയ്തു കഴിഞ്ഞു.കൊയ്ത്തിനനുസരണമായി സംഭരണവും പുരോഗമിക്കുന്നു. കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ മേഖലകളിലായി കൊയ്യാനുള്ള 1000 ഹെക്ടറിൽ മേയ് 15 ന് മുമ്പ് കൊയ്ത്ത് തീരുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. കുട്ടനാട്ടിൽ നെല്ലിലെ പതിരിന്റെ അളവ് നിശ്ചിത പരിധിയിൽ കൂടുതലായത് സിവിൽ സപ്ളൈസ് കോർപ്പറേഷനെ ബുദ്ധിമുട്ടിലാക്കുന്നു. ആകെ തൂക്കത്തിന്റെ മൂന്ന് ശതമാനം വരെ പതിരാണ് അനുവദനീയമായത്. എന്നാൽ പല ഭാഗത്തും ഇത് 10 മുതൽ 13 ശതമാനം വരെയാണെന്ന് അധികൃതർ പറയുന്നു. എടുക്കുന്ന നെല്ലിന്റെ തൂക്കത്തിന് അനുസരിച്ച് കോർപ്പറേഷൻ കർഷകർക്ക് പണം നൽകണം. പക്ഷെ, നെല്ലെടുക്കുന്ന മില്ലുകാർ പതിരിന്റെ പേരിൽ തിരികെ നൽകേണ്ട അരിയുടെ അളവ് കുറയ്ക്കും.100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി കോർപ്പറേഷന് തിരികെ നൽകണമെന്നാണ് വ്യവസ്ഥ.
ആലപ്പുഴയ്ക്ക് പുറമെ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒരേ സമയത്ത് കൊയ്ത്ത് തുടങ്ങിയതോടെ കൊയ്ത്ത് യന്ത്രങ്ങൾക്ക് ക്ഷാമം നേരിട്ടതാണ് കുട്ടനാടൻ കൊയ്ത്ത് നീളാൻ കാരണം.
കൊയ്ത്ത് നടന്നത്
*ആകെ കൃഷിചെയ്തത്...28,660 ഹെക്ടർ
*കൊയ്തത് ...26,149 ''
ഇനി കൊയ്യാനുള്ളത് .....2,511 ''
ആകെ സംഭരിച്ച നെല്ല്....1.15,000 മെട്രിക് ടൺ.
*ഇനി സംഭരിക്കേണ്ടത് ....10,000 ''