dr-unnikrishnan-kartha

 ചാരിതാർത്ഥ്യത്തോടെ ഡോ.ടി.ഡി.ഉണ്ണിക്കൃഷ്ണൻ കർത്ത

ആലപ്പുഴ: ഡോക്ടർ, അദ്ധ്യാപകൻ, സംഗീതജ്ഞൻ... ഡോ.ടി.ഡി.ഉണ്ണിക്കൃഷ്ണൻ കർത്ത ഇന്നുവരെ ജീവിതത്തിൽ പകർന്നാടിയ വേഷങ്ങളെ ഇങ്ങനെ മൂന്നായി തിരിക്കാം. 1986ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം ട്യൂട്ടറായി ആരംഭിച്ച ആതുര സേവനത്തിന് ഇന്ന് വിരാമമാവുകയാണ്. അതേ സ്ഥാപനത്തിൽ നിന്ന് വകുപ്പ് മേധാവിയായി പടിയിറങ്ങുമ്പോൾ ചാരിതാർത്ഥ്യം മാത്രമാണ് ഈ മനസ് നിറയെ.

ആലപ്പുഴ ചന്ദനക്കാവ് അമ്പാടിയിൽ ഡോ.ടി.ഡി.ഉണ്ണിക്കൃഷ്ണൻ കർത്തയുടെ ഔദ്യോഗിക ജീവിതത്തിലെ കൂടുതൽ കാലയളവും ജന്മനാടായ ആലപ്പുഴയിൽ തന്നെയായിരുന്നു. ഇടുക്കി, കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്ത രണ്ടു വർഷം മാത്രമാണ് ജില്ലയിൽ നിന്നു വിട്ടുനിന്നത്. ആതുരസേവനത്തിനൊപ്പം കർത്തയ്ക്ക് പ്രിയപ്പെട്ടതാണ് സംഗീതവും. പുല്ലാങ്കുഴൽ വായനയിലെ പ്രാഗത്ഭ്യം വായ്പ്പാട്ടിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വർഷത്തോളം കൈതവന രവി എന്ന സംഗീത അദ്ധ്യാപകനു കീഴിൽ പുല്ലാങ്കുഴൽ അഭ്യസിച്ചു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. യേശുദാസിന്റെ കടുത്ത ആരാധകൻ കൂടിയായ ഡോക്ടർ 15 വർഷമായി സംഗീത കച്ചേരികളും ഭക്തിഗാനങ്ങളുമായി അരങ്ങിൽ സജീവമാണ്. അടുത്ത ബന്ധുക്കളും സൂഹൃത്തുക്കളുമടങ്ങിയ ചെറിയൊരു ട്രൂപ്പുമുണ്ട്. സ്ഥിരം ടീമാകുമ്പോൾ അവരുമായി സെറ്റാവാൻ എളുപ്പമാണെന്നതാണ് കാരണം. യേശുദാസ് പാടി അനശ്വരമാക്കിയ ശ്രീകൃഷ്ണ ഭക്തിഗാനങ്ങളോടാണ് പ്രിയമേറെ. വിശ്രമജീവിതം സംഗീതത്തിനായി കൂടുതൽ സമർപ്പിക്കാനാണ് തീരുമാനവും. സ്വർണ്ണമെഡലോടു കൂടിയായിരുന്നു എം.ബി.ബി.എസ് വിജയം.

 വിളിച്ചാൽ ഓടിയെത്തും

സർക്കാർ സർവീസിൽ നിന്ന് മാത്രമാണ് മാറുന്നതെന്നും ജോലി എക്കാലവും തുടരാനാണ് ഇഷ്ടമെന്നും ഡോ.കർത്ത പറയുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സേവനം ആവശ്യപ്പെട്ടാൽ പൂർണമനസോടെ ഓടിയെത്തും. അദ്ധ്യാപനമാണ് ഇഷ്ടം. അവസരം ലഭിച്ചാൽ തുടർന്നും എം.ബി.ബി.എസ്, പി.ജി വിദ്യാർത്ഥികൾക്ക് അറിവ് പകരാൻ സന്തോഷമേയുള്ളൂ. ആലപ്പുഴ മെഡി. ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള രൂപരേഖ സർക്കാരിന് സമർപ്പിച്ച ശേഷമാണ് ഡോക്ടർ പടിയിറങ്ങുന്നത്.

 വെറുതെയൊരു ക്വാറന്റൈൻ!

ബെൽജിയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് ചെയ്യുന്ന മകനെ സന്ദർശിച്ചെത്തിയ തനിക്കും കുടുംബത്തിനും കൊവിഡ് ബാധിച്ചതായി നാടാകെ ഉയർന്ന പ്രചാരണം വേദനിപ്പിച്ചതായി ഡോക്ടർ പറയുന്നു. അന്ന് ബെൽജിയം കൊവിഡ് പട്ടികയിലില്ല. എന്നിട്ടും തങ്ങൾ 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈനിലായി. സത്യാവസ്ഥ മനസിലായതോടെ കളക്ടറുൾപ്പടെ അഭിനന്ദനം അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ.ബി.ശോഭയാണ് ഭാര്യ. മക്കൾ : ഡോ.നീരജ എസ്.കർത്ത, നിർമൽ എസ്.കർത്ത. മരുമകൻ: ഡോ. ദാമോദർകൃഷ്ണ. ചെറുമകൾ: ആരുഷി ദാമോദർ