മരുന്ന് എത്തിച്ചുനൽകിയത് മംഗലാപുരത്തുനിന്ന്
കായംകുളം: ജീവൻരക്ഷാ മരുന്നിനായി വലഞ്ഞ റഹിമയ്ക്ക് 500 കിലോമീറ്റർ അകലെ മംഗലാപുരത്ത് നിന്നു മരുന്ന് എത്തിച്ചു നൽകി കായംകുളം ഫയർഫോഴ്സിന്റെ ജനകീയ ഇടപെടൽ. മംഗലാപുരം റെനെപോയ മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരിയും അവിടത്തെ ചികിത്സയിൽ കഴിയുന്നതുമായ പുള്ളിക്കണക്ക് സ്വദേശിനി റഹിമാബീവിക്കാണ് അഗ്നിശമന സേന മരുന്ന് എത്തിച്ചത്. ലോക്ക്ഡൗൺ കാരണം ആശുപത്രിയിൽ പോവാൻ കഴിയാതിരുന്ന റഹിമ ഫയർഫോഴ്സിന്റെ കാരുണ്യം തേടുകയായിരുന്നു.
അഗ്നിശമന സേന ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുന്ന വിവരം പത്രമാദ്ധ്യമങ്ങളിൽ നിന്നറിഞ്ഞ റഹിമബീവി ഏഴ് കിലോമീറ്ററോളം നടന്ന് കായംകുളം ഫയർസ്റ്റേഷനിലെ കൊവിഡ് കൺട്രോൾ റൂമിൽ എത്തിയാണ് വിവരം അറിയിച്ചത്. മരുന്നിനേപ്പറ്റി റഹിമയിൽ നിന്നു അറിഞ്ഞ ശേഷം ജീവനക്കാർ വാഹനത്തിൽ റഹിമയെ വീട്ടിലെത്തിച്ചു. യെനെപോയ മെഡിക്കൽ കോളേജിലെ ഫാർമസിയിൽ ബന്ധപ്പെട്ടെങ്കിലും അവിടെ മരുന്ന് സ്റ്റോക്കില്ലായിരുന്നു.
തുടർന്ന് ഇതിനു സമീപമുള്ള യശസ്വി മെഡിക്കൽ സ്റ്റോറിലെ കരുണാകരൻ എന്ന കർണാടക സ്വദേശിയെ ബന്ധപ്പെട്ടപ്പോൾ മരുന്ന് കാസർകോട് തലപ്പാടി ചെക്ക്പോസ്റ്റിൽ എത്തിച്ചു നൽകാമെന്ന് ഏറ്റു. സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സി.പി. ജോസ് കാഞ്ഞങ്ങാട് സ്റ്റേഷൻ ഓഫീസറുമായി ബന്ധപ്പെടുകയും തലപ്പാടിയിൽ വച്ച് അഗ്നിശമന ഉദ്യോഗസ്ഥർ മരുന്ന് ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് വിവിധ സ്റ്റേഷനുകൾ കൈമാറി ഇന്നലെ ഉച്ചയോടെ കായംകുളത്ത് എത്തിച്ച മരുന്ന് കായംകുളം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജെ.എൻ. നജിമോൻ, കെ.ആർ. രാജേഷ് എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് റഹിമയുടെ വീട്ടിലെത്തി കൈമാറി.
ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ഇതുവരെ നാനൂറോളം പേർക്കാണ് കായംകുളം ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് ജീവൻരക്ഷാ മരുന്ന് എത്തിച്ചത്. ഇതിൽ ഇരുന്നൂറോളം പേർക്ക് ജില്ലക്ക് പുറത്ത് നിന്നാണ് മരുന്ന് ലഭിച്ചത്.