തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖല വ്യാജവാറ്റുകാരുടെ പി​ടി​യി​ലെന്ന് ആക്ഷേപം. ബി​വറേജസ് ഔട്ട് ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചതോടെ ചാരായ വി​ൽപന അരങ്ങുതകർക്കുകയാണത്രെ ഈ മേഖലയി​ൽ. എക്സൈസും പൊലീസും ഇെതി​ന് തടയി​ടാൻ കി​ണഞ്ഞുപരി​ശ്രമി​ക്കുന്നുണ്ടെങ്കി​ലും വേണ്ടത്ര ഫലം കാണാത്ത സ്ഥി​തി​യാണ്.

ചാരായം വിൽപ്പനയിലൂടെ പണം കൊയ്യാമെന്ന് കരുതുന്നവരും സ്വന്തം ആവശ്യത്തി​ന് വാറ്റുന്നവരുമുണ്ട്. അരൂർ മണ്ഡലത്തിലെ വേമ്പനാട്, കൈതപ്പുഴ എന്നീ പ്രധാനകായലുകളിലെ തുരുത്തുകളും ചെമ്മീൻ കെട്ടുകളും താമസമില്ലാത്ത വീടുകളും വിജനമായ പ്രദേശങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ചാണ് ചാരായം വാറ്റ് പ്രധാനമായി നടക്കുന്നത്.

പെരുമ്പളം ദ്വീപ് ഇഷ്ട കേന്ദ്രം

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലയിടത്തു നിന്നും ഒളിപ്പിച്ച കുപ്പികളിലാക്കിയ ചാരായവും കന്നാസുകളിലാക്കിയ കോടയും വാറ്റുപകരണങ്ങളും പിടികൂടാൻ പൊലീസ് - എക്സൈസ് സംഘത്തിന് കഴിയുന്നത് .വിരലിൽ എണ്ണാവുന്ന ചില പ്രതികൾ പിടിയിലായെങ്കിലും വ്യാജവാറ്റ് സംഘങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയാണെന്നാണ് നാട്ടുകാർ പറയുന്നത്.പെരുമ്പളം ദ്വീപിൽ നിന്ന് ഉടമസ്ഥരില്ലാതെ കുറ്റിക്കാടുകളിലും മറ്റും ഒളിപ്പിച്ച വിധത്തിൽ അനേകം ലിറ്റർ കോടയും വാറ്റുപകരണങ്ങളും തുടർച്ചയായി നടന്ന പരിശോധനയിൽ കണ്ടെത്തിയിരുന്നു. എക്സൈസും പൊലീസും ഇതുവരെ നടത്തിയ പരിശോധനയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ലിറ്റർ കോടയാണ് പിടിച്ചെടുത്തത്.

ഡ്രോൺ​ പരി​ശോധനയും വി​ഫലം

വ്യാജവാറ്റ് കണ്ടെത്താൻ കാക്കbjരുത്ത് ദ്വീപിൽ ഉൾപ്പടെ ദിവസങ്ങൾക്ക് മുൻപ് ഡ്രോൺ ഉപയോഗിച്ചു പലയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എക്സൈസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ വാറ്റുകാർ സാധനസാമഗ്രികൾ ഒളിപ്പിച്ച ശേഷം മാറി കളയുകയാണത്രെ. രാത്രികാലങ്ങളിലാണ് പ്രധാനമായി വാറ്റ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

ചില രഹസ്യവാറ്റു കേന്ദ്രങ്ങൾ ഒഴികെ മറ്റ് വിവരങ്ങളൊന്നും അധികൃതർക്ക് ലഭ്യവുമല്ലാത്തതിനാൽ പ്രതികൾ രക്ഷപ്പെടുവാനും ഇടയാകുന്നു.

......................

''

രഹസ്യ വി​വരങ്ങൾ ലഭി​ക്കുകയാണ് പതി​വ്. ഇതല്ലാതെ വാറ്റ് കണ്ടെത്താൻ പ്രയാസമാണ്. വാറ്റുകാർ

ചാരായവും വാറ്റു പകരണങ്ങളും വീടുകളിലോ മണ്ണിനടിയിലോ വെള്ളത്തിലോ കുറ്റിക്കാടുകളിലോ സമർത്ഥമായി​ ഒളിപ്പിക്കും. ഇതു മൂലം പരിശോധനകളിൽ ചാരായം വാറ്റ് കണ്ടെത്താൻ പ്രയാസവുമേറെയാണ്.


അധികൃതർ

.........................

വ്യാജവാറ്റിനെ കുറിച്ചു വിവരം ലഭ്യമായാൽ അറിയിക്കണമെന്നും എക്സൈസ് അധികൃതർ പറയുന്നുണ്ട്. ഒരു കുപ്പി വാറ്റുചാരായം 1500 മുതൽ 2000 വരെ തുക ഈടാക്കിയാണ് രഹസ്യമായി ആവശ്യക്കാർക്ക് വില്പന നടത്തുന്നതത്രെ. ചിലരാകട്ടെ സ്വന്തം ഉപയോഗത്തിനായി വാറ്റുകയും ചെയ്യുന്നുണ്ട്.

.........................

ശർക്കരയ്ക്കും ക്ഷാമം

ചാരായവാറ്റ് വർദ്ധിച്ചതോടെ മറ്റൊരു കുഴപ്പവുമുണ്ടായി​. പ്രധാന ഘടകമായ ശർക്കര പലയിടത്തും കിട്ടാനില്ലാത്ത സ്ഥിതിയാണത്രെ.അംഗൻവാടി കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരപ്പൊടി തയ്യാറാക്കുന്നതിന് ആവശ്യത്തിന് ശർക്കര വിപണിയിൽ നിന്ന് ലഭ്യമാകാത്ത അവസ്ഥയുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ പരാതി​.

....................

മദ്യശാലകൾ അപ്പാടെ അടഞ്ഞുകിടന്നിട്ടും ഒരു പ്രശ്നവുമി​ല്ല മദ്യപാനി​കൾക്ക്. ഇത് മദ്യം ആവശ്യത്തി​ന് കി​ട്ടുന്നുവെന്നതി​ന്റെ തെളി​വാണ്. വ്യാജവാറ്റുകാർ നിർലോഭം ചാരായമെത്തി​ക്കും.

നാട്ടുകാർ