ചേർത്തല: മകളുടെ വിവാഹദിനത്തിൽ പാവപ്പെട്ട ഒരു പെൺകുട്ടിക്കുകൂടി മംഗല്യമൊരുക്കി കാത്തിരിക്കുകയാണ് തുറവൂർ കാർട്ടൽ ചിട്ടിഫണ്ട് ഉടമ പട്ടണക്കാട് മിറാഷ് ഭവനിൽ ടി.ആർ.തൃദീപ്കുമാറും ഭാര്യ ഗീതയും. ലളിതമായ ചടങ്ങുകളോടെ മേയ് രണ്ടിന് ഇരു വിവാഹങ്ങളും നടക്കും.
നിശ്ചയിച്ച വിവാഹം സാമ്പത്തിക പരാധീനതകൾ മൂലം നീണ്ടുപോയ, അന്ധകാരനഴി കളത്തിൽ വീട്ടിൽ പുത്രിയുടെ മകൾ ഇന്ദുലേഖയ്ക്കാണ് ദമ്പതിമാരുടെ തണലിൽ മംഗല്യമൊരുങ്ങുന്നത്. കല്യാണത്തിനുള്ള അഞ്ചുപവനും ചെലവിനുള്ള തുകയും എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി കുടുംബത്തിന് കൈമാറി. ദുരിതാശ്വാസ നിധിയിലേക്കുള്ള 25,000 രൂപ ഇതോടൊപ്പം എം.പിക്കു കൈമാറി. ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു,വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി,കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു,വെട്ടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എസ്.ഗംഗപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനുമായുള്ള വിവാഹം ലളിതമായ ചടങ്ങോടെ ചെമ്പകശേരി കാവിലും ദമ്പതിമാരുടെ മകൾ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം അതേ ദിവസം മുഹമ്മ വിശ്വഗാജിമഠത്തിലും നടക്കും. മൂന്നു വർഷം മുമ്പ് മൂത്തമകൾ മിൽട്ടോയുടെ വിവാഹദിവസം രണ്ടു യുവതികൾക്ക് തൃദീപ്കുമാറും ഗീതയും മംഗല്യഭാഗ്യമൊരുക്കിയിരുന്നു.