ചേർത്തല: ജോയിന്റ് ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ കുടുക്കാനായി സഹപ്രവർത്തകൻ പൊലീസിനു നൽകിയ പരാതി വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട്. ചേർത്തല ജോയിന്റ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജു ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പൊലീസിൽ പരാതി നൽകിയ എം.വി.ഐ കിഷോർ കുമാറിനെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ.ആർ.ജയരാജ് ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കള്ളപ്പരാതി നൽകിയ കിഷോർ കുമാറിനെതിരെ നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്. 2013 ലും പരാതിക്കാരൻ സമാനമായ കേസിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
സ്തുത്യർഹമായ സേവനങ്ങൾക്ക് വകുപ്പിന്റെ നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് കെ.ജി.ബിജു. ഇദ്ദേഹത്തോടുള്ള വ്യക്തിവരാഗ്യം തീർക്കാനായിരുന്നു കള്ളപ്പരാതിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2019 ആഗസ്റ്റ് 24ന് വൈകിട്ട് 3.30ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് കിഷോർ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിജു ഇപ്പോഴും സസ്പെൻഷനിലാണ്. പരാതിയിൽ പറയുന്ന ദിവസം ബിജു ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. നിയമം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ നിയമം ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തി. സംഭവത്തിനു ശേഷം ബിജുവിനെതിരെ മറ്റുചില വ്യാജ പരാതികളും ഉയർന്നിരുന്നു. ഇടനിലക്കാരില്ലാതെ നേരിട്ട് ഓഫീസിലെത്തുന്നവരുടെയും കൗണ്ടറിലെത്തുന്ന പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബിജു ഇടപെട്ടിരുന്നതിൽ പ്രകോപിതരായ ചിലരും ഏജന്റുമാരും പരാതികളുമായി രംഗത്ത് വന്നിരുന്നു. ബിജുവിന്റെ സസ്പെൻഷനെതിരെ കെ.ജി.ഒ.എ, എൻ.ജി.ഒ യൂണിയൻ തുടങ്ങിയ സംഘടനകളും ഡ്രൈവിംഗ് സ്കൂൾ ഉടമകളും താലൂക്കിലെ ഓട്ടോ, ടാക്സി ഡ്രൈവർമാരും രംഗത്തെത്തിയിരുന്നു. 95 സാക്ഷിമൊഴികളും സി.സി ടിവി കാമറ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.