a

മാവേലിക്കര: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കാൻസർ രോഗിയായ വീട്ടമ്മയ്ക്കും ഭർത്താവിനും മോട്ടോർ വാഹന വകുപ്പിന്റെ സഹായഹസ്തം. തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് റേഡിയേഷൻ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് 10-ാം വാർഡിൽ സ്മിത ജോർജ്ജിനും ഭർത്താവിനും മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജിന്റെ നേതൃത്വത്തിലുള്ള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരുമാണ് സഹായവുമായി എത്തിയത്.

പത്ത് ദിവസത്തേക്കുള്ള അവശ്യസാധനങ്ങളും പച്ചക്കറികളും രോഗിക്ക് ആവശ്യമായ കരിക്കും ഇന്നലെ എത്തിച്ചു. ക്വാറന്റൈൻ തീരുംവരെ ഇവർക്ക് ആവശ്യമായ സഹായം എത്തിക്കാൻ സന്നദ്ധമാണെന്നും എം.ജി. മനോജ്, എ.എം.വി.ഐ ജയറാം എന്നിവർ അറിയിച്ചു. ഓലകെട്ടിയമ്പലം യുവജനകൂട്ടായ്മ അംഗം അഭിലാഷും സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയ്ക്കു ശേഷമെത്തിയ ദമ്പതികൾ 28 ദിവസത്തേക്ക് ക്വാറന്റൈനിലാണ്. ഇവർക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് പരാതി ലഭിച്ച വാർത്ത ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. ദമ്പതികളുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർക്കും ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റിനും നിർദ്ദേശം നൽകിയെന്നും കമ്മിഷൻ അംഗം ജസ്റ്റിസ് മോഹനദാസ് പറഞ്ഞു.