ചേർത്തല:കണ്ണിന് അപൂർവ കാൻസർ ബാധിച്ച ഒന്നര വയസുകാരി അൻവിതയുടെ മൂന്നാമത്തെ കീമോതെറാപ്പി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ നടന്നു. ഡോക്ടറുടെ നിർദ്ദേശം ലഭിച്ച ശേഷം തൊട്ടടുത്ത ദിവസം ആശുപത്രി വിടും. മൂന്ന് കീമോ തെറാപ്പികൾ പൂർത്തിയായതോടെ, കണ്ണിലെ അർബുദം ഭേദമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ചേർത്തല മുനിസിപ്പൽ 24-ാം വാർഡിൽ കിഴക്കേ നാൽപതിൽ മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും ഇളയമകളാണ് അൻവിത. ലോക് ഡൗൺ ആയതിനാൽ സംസ്ഥാന സർക്കാരിന്റെ പൂർണ സഹായത്തോടെയാണ് രണ്ടാമത്തെയും മൂന്നാമത്തെയും കീമോ തെറാപ്പി നടത്തിയത്.സി.പി.എം നിയന്ത്രണത്തിലുള്ള സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഹൈടെക് ആംബുലൻസിലായിരുന്നു രണ്ടു തവണയും യാത്ര.