കായംകുളം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓങ്കാര സത്രത്തിൽ കൊണ്ടുവന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓച്ചിറ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്ന ഐസൊലേഷൻ ക്യാമ്പ് ഉടൻ തന്നെ മാറ്റി സ്ഥാപിക്കണമെന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര കർമ്മ സമിതി യോഗം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിനുള്ളിൽ രോഗിയുടെ സാന്നിദ്ധ്യമുണ്ടായതിനെത്തുടർന്ന് ഭക്തജനങ്ങൾ ആകെ ഭീതിയിലാണ്. ഈ ക്യാമ്പുമായി നിരന്തരം ബന്ധപ്പെടുന്ന ക്ഷേത്ര ഭരവാഹികൾ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവിധ രോഗങ്ങളുള്ളവരും പ്രായാധിക്യമുള്ള വരുമായ ഭിക്ഷാടകർ താമസിക്കുന്ന അഗതിമന്ദിരത്തിനടുത്ത് ഈ ഐസൊലേഷൻ ക്യാമ്പ് ആരംഭിക്കുവാൻ അനുവാദം നൽകിയത് ക്ഷേത്ര ഭാരവാഹികളുടെ ഗുരുതരമായ വീഴ്ച്ചയാണെന്ന് യോഗം വിലയിരുത്തി.

ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പരബ്രഹ്മ ആശുപത്രി എല്ലാ സംവിധാനങ്ങളോടും കൂടി ഒഴിഞ്ഞു കിടക്കുമ്പോൾ അത് പ്രയോജനപ്പെടുത്താതെ പവിത്രമായ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ക്യാമ്പ് നടത്തുന്നത് ക്ഷേത്രാചാരത്തോടും വിശ്വാസികളോടുമുള്ള അവഗണനയും അനീതിയുമാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.

പരബ്രഹ്മ ക്ഷേത്ര കർമ്മ സമിതി കൺവീനർ ഡി. അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ രവി, രാധാകൃഷ്ണ കുറുപ്പ്, റജി കുമാർ എന്നിവർ സംസാരി​ച്ചു.