ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെഡി ബാങ്കിന്റെ ഉദ്ഘടനം ഇന്ന് രാവിലെ 10ന് ഹരിപ്പാട് ശബരീസ് കൺവെൻഷൻ സെന്ററിൽ ആലപ്പി റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്റർ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ അദ്ധ്യക്ഷനാകും. സി.ബി.സി.വാര്യർ ഫൗണ്ടേഷന് കീഴിലെ കരുതൽ പാലിയേറ്റീവ് സൊസൈറ്റി ഹരിപ്പാട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ആയിരത്തിൽപ്പരം കിടപ്പുരോഗികളെ സ്നേഹദീപം എന്ന പദ്ധതിയിലൂടെ വീടുകളിൽ എത്തി പരിചരിക്കുന്നുണ്ട്. ഇവരിൽ നിരാലംബരായവർക്ക് വിതരണം ചെയ്യുവാനുള മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും സമാഹരിക്കുകയാണ് മെഡി ബാങ്കിന്റെ ലക്ഷ്യം. വീടുകളിൽ ഉപയോഗശേഷം ഇരിക്കുന്ന കട്ടിൽ, വാട്ടർ ബഡ്, എയർ ബഡ്, വീൽചെയർ , വാക്കർ ,വാക്കിംഗ്സ്റ്റിക്ക്, ക്രച്ചസുകൾ തുടങ്ങിയ ഉപകരണങ്ങളും മരുന്നുകളും സംഭാവനയായി സ്വീകരിക്കും. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം വിതരണം ചെയ്യും. ഇതു കൂടാതെ പുതിയ ഉപകരണങ്ങളും ആയുർവേദ, അലോപ്പതി മരുന്നുകളും ഭക്ഷ്യയോഗ്യമായ സാധനങ്ങളും അഡൽട്ട് ഡയപ്പർ, യൂറിൻ ബാഗുകൾ, അണ്ടർപാഡുകൾ, ബഡ്ഷീറ്റുകൾ തുടങ്ങിയവയും ജനങ്ങളിൽനിന്നും സമാഹരിക്കും. ഒന്നോ അതിലധികമോ രോഗികളുടെ നിശ്ചിത കാലയളവിലേക്കുള്ള മരുന്നുകൾ താൽപര്യമുള്ളവർക്ക് സ്പോൺസർ ചെയ്യുവാനുള്ള സംവി​ധാനവുമുണ്ട്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മറ്റ് സാധനങ്ങളും സംഭാവന ചെയ്തും പ്രവർത്തനങ്ങളിൽ സഹകരിച്ചും മെഡി ബാങ്കിന്റെ പ്രവർത്തനം വിജയിപ്പിക്കണമെന്ന് ചെയർമാൻ എം.സത്യപാലൻ അഭ്യർത്ഥിച്ചു.