jchdh

ഹരിപ്പാട് : ' എന്റെ കൈയിൽ ഇത്രയേയുള്ളൂ സാറേ" രണ്ട് മാസം വാർദ്ധക്യ കാല പെൻഷനായി ലഭിച്ച തുക മന്ത്രി എ.സി.മൊയ്തീന് നൽകിക്കൊണ്ട് കാർത്ത്യായനി അമ്മ പറഞ്ഞു. 'ചെറിയ തുകയിലല്ല, അത് നല്‍കുന്ന വലിയ മനസാണ് പ്രധാനം" മന്ത്രിയുടെ മറുപടി ഇങ്ങനെ.

നാരീശക്തി പുരസ്കാര ജേതാവായ 98കാരി കാർത്തയായനി അമ്മ പഠനത്തിന് പ്രായമില്ലെന്ന് തെളിയിച്ചു കൊണ്ടാണ് വാർത്തകളിൽ ഇടം നേടിയത്. ലോകം മുഴുവൻ കൊവിഡെന്ന മഹാമാരിയെ നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കരുതലും കൈമാറാൻ ഈ മുത്തശി തീരുമാനിക്കുകയായിരുന്നു.

കാർത്ത്യായനിയമ്മയുടെ ഹരിപ്പാട് മുട്ടത്തെ വീട്ടിലെത്തിയാണ് മന്ത്രി എ.സി.മൊയ്തീൻ തുകയേറ്റുവാങ്ങിയത്. '' കൊവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവർക്കായി തന്നാലാവുന്നത് മാത്രമാണ് നല്‍കുന്നതെന്നും ഇതിലും കൂടുതൽ നൽകാനാണ് ആഗ്രഹമെന്നും" തുക കൈ മാറിയ ശേഷം മന്ത്രിയോട് മുത്തശ്ശി പറഞ്ഞു. ഇല്ലായ്മയുടെ നടുവിലും ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാനുള്ള കാർത്ത്യായനിയമ്മയുടെ മനസ് സമൂഹത്തിനു മാതൃകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.സാക്ഷരതാ മി​ഷന്റെ അക്ഷരലക്ഷം തുല്യതാ പരീക്ഷയി​ൽ 97ാം വയസിൽ 98 മാർക്ക് നേടിയാണ് കാർത്ത്യായനി അമ്മ ശ്രദ്ധേയയായത്.