ആലപ്പുഴ:സൈക്കിൾ വാങ്ങാൻ സൂക്ഷിച്ചുവെച്ച തുക മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഏഴാം ക്ലാസ് വിദ്യാർഥിയായ ആദിത്യ ഷഹബാസ്. രണ്ട് വർഷമായി ആദിത്യ തന്റെ പണപ്പെട്ടിയിൽ ചില്ലറകൾ നിക്ഷേപിച്ചത് സൈക്കിൾ വാങ്ങുന്നതിനായാണ്. എന്നാൽ കൊവിഡ് കാലത്ത് സമൂഹത്തിലെ പ്രശ്നങ്ങൾ അറിഞ്ഞതോടെ ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു പുന്നപ്ര സെൻറ് അലോഷ്യസ് സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിത്യ.

ഹരിത കേരളം ജില്ലാ കോഓഡിനേ​റ്റർ രാജേഷിനെ ഏൽപ്പിച്ച പണപ്പെട്ടി ജില്ലാ കളക്ടർക്ക് ഇന്നലെ കൈമാറി. 1,566 രൂപയായിരുന്നു പണപ്പെട്ടിയിലുണ്ടായിരുന്നത്.

പുന്നപ്ര സുധി നിവാസിൽ സിസ്മി കെ. ഗോപിയുടെയും ആർ.സേതുലാലിന്റെയും മകനാണ് ആദിത്യ ഷഹബാസ് .

കലവൂർ കൃപാസനം അധികൃതർ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ഒരു സ്വർണ മാലയും സംഭാവന നല്കി. ആവശ്യമെങ്കിൽ ഐസൊലേഷനിൽ ആളുകളെ പാർപ്പിക്കാനായി കൃപാസനം ഹാളിന്റെ താക്കോലും ജില്ലാ കളക്ടർ എം. അഞ്ജനയ്ക്ക് കൈമാറി.

കൃപാസനം ഡയറക്ടർ ഫാദർ വി.പി. ജോയ് വലിയ വീട്ടിൽ ആണ് ചെക്ക് കളക്ടറേ​റ്റിലെത്തി ജില്ലാ കളക്ടർക്ക് കൈമാറിയത്. തങ്കച്ചൻ പനയ്ക്കൽ ( വൈസ് ഡയറക്ടർ, കൃപാസനം ) , ജിമ്മി, പരുത്തിയിൽ (മാനേജർ , കൃപാസനം ) തുടങ്ങിയവർ സന്നിഹിതരായിരുന്നു.