 തദ്ദേശ സ്ഥാപനങ്ങൾ കൃഷി വ്യാപന പദ്ധതി ഏറ്റെടുക്കണം

ആലപ്പുഴ:തദ്ദേശഭരണ സ്ഥാപനങ്ങൾ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന് മന്ത്റി എ.സി.മൊയ്തീൻ പറഞ്ഞു. ഗസ്​റ്റ് ഹൗസിൽ അടിയന്തിരമായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ, മാലിന്യ സംസ്‌കരണം , ശേഖരിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നീ പ്രവൃത്തികൾ മേയ് 15 നകം മുൻഗണനാ അടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൻറെ ഭാഗമായി അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ വിപുലമായ പദ്ധതിയാണ് ജില്ലയിൽ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്റി പറഞ്ഞു.തദ്ദേശ സ്ഥാപനങ്ങൾ കൃഷി വ്യാപന പദ്ധതി ഏറ്റെടുക്കണമെന്നും നിർദ്ദേശിച്ചു

ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ, സെക്രട്ടറി കെ.ആർ.ദേവദാസ്, പഞ്ചായത്ത് ഉപഡയറക്ടർ പി.എം.ഷഫീഖ്, കുടുംബശ്രീ ജില്ല കോ ഓഡിനേ​റ്റർ ജെ.പ്രശാന്ത് ബാബു, ജെ.പി.സി കെ.കെ.ഷാജു, ഹരിതകേരള മിഷൻ കോഓഡിനേ​റ്റർ രാജേഷ്, ശുചിത്വമിഷൻ അസിസ്​റ്റൻറ് കോഓഡിനേ​റ്റർ ലോറൻസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് പദ്ധതിയിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ മുൻഗണന ക്രമം അനുസരിച്ച് പട്ടിക തയ്യാറാക്കി ഉടൻ പൂർത്തിയാക്കണം.ജില്ലയിലെ 64 പഞ്ചായത്തുകളിൽ ഇതിനകം പ്രവൃത്തികൾ ആരംഭിച്ചു . 8501 പേരെ ഉൾപ്പെടുത്തി 1740 പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനായി 31,530 തൊഴിൽ ദിനങ്ങൾ വിനിയോഗിക്കും. കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ പ്രളയം ഒഴിവാക്കുന്നതിനായി കനാലുകൾ, തോടുകൾ എന്നിവയിലെ ചെളി നീക്കി ആഴം കൂട്ടും. ഇവിടെ നിന്നും നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് ബണ്ടുകൾ ബലപ്പെടുത്തും. ആവശ്യമെങ്കിൽ കയർ ഭൂവസ്ത്റവും വിരിക്കും.

ഹരിതകേരളം മിഷൻ

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് നഗരസഭകളിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ല കോ ഓഡിനേ​റ്റർ അറിയിച്ചു. ആലപ്പുഴ നഗരസഭ പരിധിയിലെ 75ശതമാനം ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായി. മാർക്ക​റ്റുകളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ തടിച്ചു കൂടുന്നത് രോഗവ്യാപനത്തേയും ശുചീകരണത്തേയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

.

ശുചിത്വ മിഷൻ:

ജില്ലയിലെ ആറ് നഗരസഭകൾ, 40 പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ മേയ് 15നകം പൂർണ്ണമായി നീക്കണമെന്ന് മന്ത്റി നിർദ്ദേശം നൽകി. 300ടൺ മാലിന്യമാണ് നീക്കാനുള്ളത്.