ചേർത്തല:കണ്ണിന് അപൂർവ കാൻസർ ബാധിച്ച ഒന്നര വയസുകാരി അൻവിത കീമോതെറാപ്പി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി.ഇന്നു പുലർച്ചെയോടെ നാട്ടിലെത്തും.ഹൈദരാബാദിലെ എൽ.വി.പ്രസാദ്, അപ്പോളോ ആശുപത്രിയിലാണ് പരിശോധനയും ചികിത്സയും നടന്നത്.3കീമോതെറാപ്പി പൂർത്തിയായാൽ അർബുദം ഭേദമാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.ഇടതുകണ്ണിലെ കീമോയാണ് ഇപ്പോൾ പൂർത്തിയായത്. വലത് കണ്ണിന്റെ രോഗം നേരത്തെ ഭേദമായിരുന്നു.

ഇനി 41 ദിവസത്തിനു ശേഷം പരിശോധനയ്ക്ക് ചെല്ലാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.

ചേർത്തല മുനിസിപ്പൽ 24-ാം വാർഡിൽ കിഴക്കേ നാൽപത് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളാണ് അൻവിത.ലോക് ഡൗൺ നിയന്ത്രണമായതിനാൽ അൻവിതയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കീമോ തെറാപ്പി സംസ്ഥാന സർക്കാരിന്റെ സഹായത്തിലും പ്രത്യേക അനുമതിയിലുമാണ് നടന്നത്.ഹൈദരാബാദിലേയ്ക്കുള്ള യാത്രക്കായി ചേർത്തലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഹൈടെക് ആമ്പുലൻസാണ് വിട്ടുനൽകിയത്.