ന്യൂഡൽഹി: ലോക്ക് ഡൗണിൽ കുടങ്ങിപ്പോയാൽ വീട്ടിലെത്താൻ എന്തു ചെയ്യും?​ എന്തും ചെയ്യും! അത്രയേ ചെയ്‌തുള്ളൂ ജമ്മൂ കാശ്‌മീരിൽ പൂഞ്ച് ജില്ലയിലെ ഹക്കിം ദിൻ. ഡെഡ്ബോഡിയായി ചെറുതായൊന്ന് അഭിനയിച്ചു. അതും ആംബുലൻസിൽ! പക്ഷേ,​ പാതിവഴിയിൽ പൊലീസിന്റെ പിടിവീണു. ജീവനുള്ള 'ഡെഡ്ബോഡി'യെ പെലീസുകാർ തൂക്കിയെടുത്തു വീട്ടിലെത്തിച്ച് ക്വാറന്റൈനിലുമാക്കി.

ഒരു അപകടത്തിൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തപ്പോഴാണ് ലോക്ക് ഡൗൺ എന്ന അപകടം! അങ്ങനെ നിരാശനാകാൻ പാടില്ലല്ലോ. സുഹൃത്തുക്കളുടെ സഹായത്തോടെ ഹക്കിം സ്വന്തം മരണസർട്ടിഫിക്കറ്റ് തയ്യാറാക്കി. കൂട്ടുകാർ തന്നെ ഹക്കീമിനായി ആംബുലൻസ് ബുക്ക് ചെയ്‌തു.

ലോക്ക് ഡൗണിനെ പറ്റിച്ചതിന്റെ അഹങ്കാരത്തോടെ ആംബുലൻസിൽ നിലവിളി ശബ്‌ദമൊക്കെയിട്ട് സ്റ്റൈലിൽ പോകുമ്പോഴാണ് പൊലീസ് പൊക്കിയത്. മരണസർട്ടിഫിക്കറ്റിലെ മൃതദേഹം ദാ,​ പച്ചജീവനോടെ തമാശയും പറഞ്ഞിരിക്കുന്നു. ആദ്യം ഹക്കീമിനെ അറസ്റ്ര് ചെയ്ത് ക്വാറന്റൈനിലാക്കി. പിന്നാലെ,​ വ്യാജ മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയ സുഹൃത്തുക്കളും അറസ്റ്റിലായി. ജയിലിൽ സ്ഥലമില്ലാത്തതുകൊണ്ട് അവർക്കും ഹൗസ് അറസ്റ്റ്!