corona
CORONA

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്‌ലീഗ് മർക്കസിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുടെ പട്ടിക യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

സമ്മേളനത്തിൽ പങ്കെടുത്ത 10 പേർ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും 200ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ഞൂറിലധികം പേർക്ക് ലക്ഷണങ്ങൾ കാണുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിർദ്ദേശം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പെട്ടെന്നു കൂടാനുള്ള കാരണം തബ് ലീഗ് സമ്മേളനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോകോൺഫറൻസിലാണ് നിർദ്ദേശം നൽകിയത്.

തബ് ലീഗ് പ്രവർത്തനങ്ങൾക്കായി ജനുവരി ഒന്നുമുതൽ 2100 വിദേശികൾ ഇന്ത്യയിൽ വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ബംഗ്ലാദേശിൽ നിന്ന് 493 പേരും ഇൻഡോനേഷ്യയിൽ നിന്ന് 472 പേരും തായ്‌ലൻഡിൽ നിന്ന് 142 പേരും എത്തിയെന്നാണ് വിവരം. ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുത്തവരിൽ 824 വിദേശികൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവികൾക്ക് കേന്ദ്രം കൈമാറിയിട്ടുണ്ട്. ഇവരിൽ പലരും ടൂറിസ്റ്റ് വിസയിൽ വന്നതാണ്. അതിനാൽ വിസ ചട്ടംലഘനത്തിന് ഇവർക്കെതിരെയും പരിപാടിയുടെ സംഘാടകർക്കെതിരെയും നടപടിക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നു വരെ മലേഷ്യയിലെ ക്വലാലംപുരിലെ പള്ളിയിലെ മതസമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ചിലർ പങ്കെടുത്തിരുന്നു. അതിനാൽ മലേഷ്യയിൽ നിന്ന് ഡൽഹി സമ്മേളനത്തിന് എത്തിയവരെ ക്വാറന്റൈൻ ചെയ്യാനും

ടൂറിസ്റ്റ് വിസയിൽ വന്ന എല്ലാവരെയും പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്ത 24 വിദേശികളെ ലക്‌നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ലക്‌നൗ പൊലീസ് കമ്മിഷണർ അറിയിച്ചു.
തമിഴ്‌നാട്ടിലെ ഈറോഡും തെലങ്കാനയിലെ ഹൈദരാബാദും സന്ദർശിച്ച തബ് ലീഗ് സംഘത്തിൽ വിദേശികളുണ്ടായിരുന്നു. ഇവരിൽ ചിലർക്കു കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ പലരും നിസാമുദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയിൽ തബ് ലീഗ് മത പ്രബോധന പ്രവർത്തനങ്ങളിലുൾപ്പെട്ട വിദേശികളുടെ വിവരങ്ങൾ കേന്ദ്രം ശേഖരിക്കുന്നുണ്ട്. ഇവരെ കണ്ടെത്തിയാൽ ഉടൻ നിരീക്ഷണത്തിൽ വയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.