nisamudeen-

തബ് ലീഗ് മർക്കസ് അടച്ചു

മൗലാന സാദ് ഒളിവിലെന്ന് സംശയം

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് മർക്കസിൽ നിന്ന് 2,361 പേരെയും ഒഴിപ്പിച്ച് പള്ളി പൂർണമായും അടച്ചു. പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് 36 മണിക്കൂർ ശ്രമിച്ചാണ് എല്ലാവരെയും ഒഴിപ്പിച്ച് ആശുപത്രികളിലേക്കും നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയത്. രോഗലക്ഷണമുള്ള 617 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പള്ളിയിൽ തന്നെ നിരീക്ഷണത്തിലാക്കിയിരുന്ന മുന്നൂറോളം പേരെയും അവിടെ നിന്ന് മാറ്റി. ഇന്നലെ പള്ളിയും പരിസരവും അണുമുക്തമാക്കുകയും ചെയ്തു.

ലോക്ഡൗൺ നിയമലംഘനങ്ങൾക്ക് ഡൽഹി പൊലീസ് കേസെടുത്ത മർക്കസിലെ മൗലാന സാദ് കണ്ട്‌ലാവി ഒളിവിൽ പോയതായും റിപ്പോർട്ടുകളുണ്ട്.
മതസമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെയുള്ള തബ് ലീഗ് പ്രവർത്തകർ സന്ദർശിച്ച ഡൽഹിയിലെ 16 പള്ളികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യ- 97 , മലേഷ്യ-8, കിർഗിസ്ഥാൻ - 13, അൽജീരിയ- 7, ബംഗ്ലാദേശ് - 9 തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 157 പേരുടെ പട്ടിക ഡൽഹി പൊലീസ് സംസ്ഥാന സർക്കാരിന് കൈമാറി.

പള്ളിയിൽ താമസിച്ചവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് 28ന് പുലർച്ചെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടെത്തി മർക്കസ് അധികൃതരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയാണ് ഒഴിപ്പിക്കൽ നടത്തിയത്.
നിസാമുദ്ദീൻ സ്‌റ്റേഷനിലെ പൊലീസുകാർ മാർച്ച് 23ന് മർക്കസിലുള്ളവരോട് ഒഴിഞ്ഞു പോവാൻ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കൂടാതെ മർക്കസിൽ കോവിഡ് ഭീതിയില്ലെന്നും മരിക്കാൻ പറ്റിയ പുണ്യസ്ഥലമാണിതെന്നും മൗലാന ആസാദ് പറയുന്നുവെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത വ്യക്തമല്ല.