ന്യൂഡൽഹി: ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജോർദാനിലെ വാദി റൂം മരുഭൂമിയിൽ കുടുങ്ങിയ നടൻ പൃഥ്വീരാജ്, സംവിധായകൻ ബ്ളെസി എന്നിവരടക്കം 58 അംഗ ഷൂട്ടിംഗ് സംഘത്തെ സഹായിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. സംഘത്തിന്റെ വിസാ കാലാവധി നീട്ടാനുള്ള നടപടികൾ ചെയ്യാൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജോർദാനിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകി.
ലോക്ക്ഡൗൺ മൂലം ഇന്ത്യയിലേക്കുള്ള യാത്ര സാദ്ധ്യമല്ലാത്തതിനാലാണ് വിസാ കാലാവധി നീട്ടാനുള്ള നടപടിക്ക് നിർദ്ദേശം നൽകിയത്. വിസ നീട്ടേണ്ടത് ജോർദാൻ സർക്കാരാണ്. അതിനുള്ള നടപടിയെടുക്കാൻ അവിടത്തെ എംബസിക്ക് നിർദ്ദേശം നൽകി. സംവിധായകൻ ബ്ളെസിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചതായും വി.മുരളീധരൻ പറഞ്ഞു.