@തിരച്ചിൽ ശക്തം
@രോഗലക്ഷണമുള്ളവർ സഹകരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ
ന്യൂഡൽഹി: തബ് ലീഗ് നേതാവ് മൗലാന സാദിനെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ഇദ്ദേഹം ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഡൽഹിയിൽ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചതായി റിപ്പോർട്ട്. മാർച്ച് 28 മുതലാണ് സാദ് അപ്രത്യക്ഷമായത്.
അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനും ക്വാറന്റീനിൽ പ്രവേശിക്കാനും അനുയായികളോട് സാദ് ആഹ്വാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്ന ഓഡിയോ സന്ദേശത്തിലാണ് താൻ ഐസൊലേഷനിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നിങ്ങൾ എവിടെയാണെങ്കിലും ക്വാറന്റൈനിൽ പ്രവേശിക്കുക. അത് ഇസ്ലാമിനോ ശരിയത്തിനോ എതിരല്ലെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഓഡിയോ മൗലാ സാദിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിക്കുന്ന നിരവധി കൊവിഡ് കേസുകൾക്ക് തബ്‌ലീഗ് സമ്മേളനവുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കയാണ്.
ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സാദിനെതിരെയും മറ്റ് തബ്‌ലീഗ് ഭാരവാഹികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സാദിനെ തേടി ഉത്തർപ്രദേശിലെ മുസഫർ നഗറിലടക്കം ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സാദിന്റെ വീട്ടിൽ പൊലീസ് നോട്ടീസ് നൽകി. അഭിഭാഷകൻ മുഖേന സാദ് മറുപടി നൽകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലെ 14 ആശുപത്രികളിൽ മൗലാന സാദിനെ തേടി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
അതിനിടെ നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്വയം മുന്നോട്ടുവന്ന് സർക്കാരിന അറിയിക്കണമെന്ന് ഇമാം ഉമർ ഇല്യാസി അഭ്യർത്ഥിച്ചു. സർക്കാരിനെ പേടിക്കേണ്ടതില്ല. ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കാണ്. ക്വാറന്റൈനിൽ പ്രവേശിച്ചാൽ ശിക്ഷ ലഭിക്കുമെന്ന ഭയം വേണ്ടെന്നും ഇമാം പറഞ്ഞു.
അതേസമയം തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ സഹകരിക്കുന്നില്ലെന്ന് ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി ഡയറക്ടർ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പൊലീസ് സംരക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.